പെനാൽറ്റി പാഴാക്കി ഫലസ്തീൻ; യു.എ.ഇയുടെ സെൽഫ് ഗോളിൽ സമനില

ദോഹ: ആരാധകർ തിങ്ങിനിറഞ്ഞ അൽ ജനൂബ് സ്റ്റേഡിയത്തിലെ നാടകീയ പോരാട്ടത്തിൽ യു.എ.ഇക്കെതിരെ സമനില നേടി ഫലസ്തീൻ. ഗ്രൂപ്പ് ‘സി’യിലെ രണ്ടാം മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചതായിരുന്നു ഇരുനിരയും സമനിലയിൽ പിരിഞ്ഞത്. ആദ്യ കളിയിൽ ഇറാന് മുന്നിൽ 4-1ന് വൻ തോൽവി വഴങ്ങിയ ഫലസ്തീൻ രണ്ടാം അങ്കത്തിൽ ഉണർന്നു കളിച്ചപ്പോൾ, വിജയം തലനാരിഴ വ്യത്യാസത്തിൽ തെന്നിമാറി.

കളിയുടെ 23ാം മിനിറ്റിൽ സുൽത്താൻ ആദിലിന്റെ പവർ ഹിറ്റ് ഹെഡറിലൂടെ യു.എ.ഇയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ, അധികം വൈകാതെ തങ്ങൾക്കനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഫലസ്തീന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 35ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഫലസ്തീന്റെ ഉദെ ദബ്ബാഗിനെ ഇമറാത്ത പ്രതിരോധ താരം ഖലീഫ അൽ ഹമ്മദി വീഴ്ത്തിയതിന് ലഭിച്ച ശിക്ഷ യു.എ.ഇക്ക് ഇരട്ട പ്രഹരമായി മാറി. വി.എ.ആർ പരിശോധനക്കൊടുവിൽ ഖലീഫ അൽ ഹമ്മാദിച്ച് ചുവപ്പുകാർഡും ​ഫലസ്തീന് ​പെനാൽറ്റിയും വിധിച്ചു. എന്നാൽ, കിക്കെടുത്ത താമിർ സിയാമിന്റെ ദുർബല ഷോട്ട് ​ഗോൾകീപ്പർ ഖാലിദ് ഈസ തട്ടിയകറ്റി രക്ഷകനായി. 

പത്തുപേരിലേക്ക് ചുരുങ്ങിയ യു.എ.ഇക്കെതിരെ നേരത്തെ ഗോൾ നേടി കളിപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഫലസ്തീൻ ഒന്നാം പകുതി പിരിഞ്ഞത്. എന്നാൽ, രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ എതിരാളികൾ തളികയിൽ വെച്ചുനീട്ടിയെന്ന പോലെ ഫലസ്തീനികൾക്ക് സമനില ഗോൾ സമ്മാനിച്ചു. താമിർ സിയാമിന്റെ അപകടകരമായ ക്രോസ് തട്ടിയകറ്റാനുള്ള യു.എ.ഇ പ്രതിരോധ താരം ബദർ അബ്ദുൽ അസീസിന്റെ ശ്രമം സ്വന്തം വലയിൽ തന്നെ പതിച്ചത് ഫലസ്തീന് വിജയം പിറന്നപോലെ ഒരു സമനിലഗോളായി മാറി. പിന്നെയും 40 മിനിറ്റിലേറെ പത്തുപേരുമായി പിടിച്ചുനിന്ന് പൊരുതിയാണ് യു.എ.ഇ തോൽവി ഭീഷണി ഒഴിവാക്കിയത്.

ആദ്യ കളിയിൽ ജയവും രണ്ടാം കളിയിൽ സമനിലയുമായി നാല് പോയന്റുള്ള യു.എ.ഇയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 

Tags:    
News Summary - UAE with an own goal; A draw against Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.