ടൂറിൻ: ആരാധകർ കാത്തിരുന്ന ലയണൽ മെസ്സി - ക്രിസ്റ്റ്യാനോ പോരാട്ടം അട്ടിമറിച്ച് കോവിഡ്. ബുധനാഴ്ച രാത്രിയിലെ ബാഴ്സലോണ - യുവൻറസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ട് മത്സരത്തിെൻറ ആകർഷണം സൂപ്പർതാരങ്ങളുടെ സാന്നിധ്യമായിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ സാധ്യത മങ്ങി.
നാഷൻസ് ലീഗിൽ കളിക്കാൻ പോർചുഗൽ ടീമിനൊപ്പം ചേർന്നതിനു പിന്നാലെയാണ് ഒക്ടോബർ 13ന് ക്രിസ്റ്റ്യാനോക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ടൂറിനിലെത്തിയ താരം വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്. എന്നാൽ, തുടർ പരിശോധനയിൽ വീണ്ടും പോസിറ്റിവായതോടെയാണ് ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗും നഷ്ടമാവുമെന്നുറപ്പിച്ചത്.
ഇതുസംബന്ധിച്ച് വിശദാംശങ്ങളൊന്നും ക്ലബ് പുറത്തുവിട്ടിട്ടില്ല. 24 മണിക്കൂർ മുമ്പുള്ള പരിശോധനാ ഫലം നെഗറ്റിവ് ആയാൽ മാത്രമേ യുവേഫ നിയമ പ്രകാരം കളത്തിലിറങ്ങാൻ കഴിയൂ. അന്തിമ തീരുമാനത്തിന് അവസാന വട്ട പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ക്ലബ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത താരം വീട്ടിൽ പരിശീലനം തുടരുകയാണിപ്പോൾ.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും രണ്ടാം വട്ട പോരാട്ടം. ഗ്രൂപ് 'എ'യിൽ ബയേൺ മ്യൂണിക് ലോകോമോട്ടീവിനെയും അത്ലറ്റിേകാ മഡ്രിഡ് സാൽസ്ബർഗിനെയും നേരിടും. ഗ്രൂപ് 'ബി'യിൽ ആദ്യ മത്സരത്തിൽ റയൽ മഡ്രിഡിനെ അട്ടിമറിച്ച് ഷാക്തർ ഡൊണസ്കിന് ഇൻറർ മിലാനാണ് എതിരാളി. എൽക്ലാസികോ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത റയൽ മഡ്രിഡ് ജർമൻ ക്ലബ് ബൊറൂസിയ ഗ്ലാഡ്ബാഹിനെ നേരിടും. 'സി'യിൽ
മാഞ്ചസ്റ്റർ സിറ്റി ഒളിമ്പിക് മാഴ്സെയെയും, എഫ്.സി പോർടോ ഒളിമ്പിയാകോസിനെയും നേരിടും. ഗ്രൂപ് 'ഡി'യിൽ ആദ്യ കളി ഒരു ഗോളിന് ജയിച്ച ലിവർപൂളിന് ഡെന്മാർക്കിൽ നിന്നുള്ള മിറ്റിലാൻഡാണ് എതിരാളി. അയാക്സ് അറ്റ്ലാൻറയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.