ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ആഴ്സണലിനും പി.എസ്.ജിക്കും കാലിടറിയപ്പോൾ ഒരു ഗോളിൽ ജയിച്ചുകയറി ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക്.
ഗണ്ണേഴ്സിന്‍റെ വിജയക്കുതിപ്പിന് ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനാണ് തടയിട്ടത്. സാൻ സിറോയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്‍ററിന്‍റെ ജയം. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മിഖേൽ മെറീനോയുടെ നിർഭാഗ്യകരമായ ഹാൻഡ് ബാളാണ് ഇന്ററിന് പെനാൽറ്റി നൽകിയത്. കിക്കെടുത്ത ഹകൻ സൽഹാനോഗ്ലു പന്ത് വലയിലാക്കി. സീസണിൽ യൂറോപ്യൻ പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് വഴങ്ങുന്ന ആദ്യ ഗോളാണിത്.
ഇടവേളക്കുശേഷം ഗോൾ മടക്കാനുള്ള മൈക്കൽ അർട്ടേറ്റയുടെ സംഘത്തിന്‍റെ നീക്കങ്ങളെല്ലാം ഇന്റർ പ്രതിരോധം വിഫലമാക്കി. കായ് ഹാവെർട്സിന്‍റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഇന്‍റർ ഗോൾ കീപ്പർ യാൻ സോമ്മർ രക്ഷപ്പെടുത്തി. നിലവിൽ നാലു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റുള്ള ആഴ്സണൽ 12ാം സ്ഥാനത്താണ്. സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി തോൽവി പിണഞ്ഞത്. മത്സരത്തിൽ ലീഡെടുത്തിട്ടും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ വഴങ്ങിയാണ് പി.എസ്.ജി മത്സരം കൈവിട്ടത്.
വാറൻ സയർ എമറിലൂടെ 14ാം മിനിറ്റിൽ തന്നെ പാരീസുകാർ മുന്നിലെത്തി. ഉസ്മാൻ ഡെംബലയാണ് ഗോളിന് വഴിയൊരുക്കിയത്. നാലു മിനിറ്റിനുള്ളിൽ അർജന്‍റൈൻ താരം നാഹുവൽ മൊളീന അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിൽ പിരിയുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+3) മറ്റൊരു അർജന്‍റീന താരം ഏഞ്ചൽ കൊറിയ അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടുന്നത്. വെറ്ററൻ താരം അന്‍റോണിയോ ഗ്രീസ്മാനാണ് ഗോളിന് വഴിയൊരുക്കിയത്.
പോർചുഗീസ് ക്ലബ് ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ തോൽവിയിൽ വലഞ്ഞിരുന്ന ബയേണിന് ജയം വലിയ ആശ്വാസമായി. 67ാം മിനിറ്റിൽ ജമാൽ മൂസിയാലയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ഡൈനാമോ സാഗ്രെബിനെ 9-2ന് തകർത്ത് തുടങ്ങിയ ബയേൺ, തുടർന്നുള്ള മത്സരങ്ങളിൽ ആസ്റ്റൺ വില്ലയോടും (1-0), ബാഴ്സലോണയോടും (4-1) പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.