ബയേണിനെ ഞെട്ടിച്ച് വില്ല; ബെൻഫിക്കയോട് നാണംകെട്ട് അത്ലറ്റികോ

യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേൺ മ്യൂണിക്കിനും അത്ലറ്റികോ മഡ്രിഡിനും ഞെട്ടിക്കുന്ന തോൽവി. ജർമൻ ക്ലബ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റൺ വില്ലയോടാണ് തോറ്റത്.

പോർചുഗീസ് ക്ലബ് ബെൻഫിക്ക മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് അത്ലറ്റിക്കിനെ തരിപ്പണമാക്കിയത്. ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമേ സാഗ്രിബിനെ രണ്ടിനെതിരെ ഒമ്പതു ഗോളുകൾക്ക് തകർത്ത ബയേണിന് തോൽവി കനത്ത തിരിച്ചടിയായി. സ്വന്തം തട്ടകമായ വില്ല പാർക്കിൽ നടന്ന പോരാട്ടത്തിൽ 79ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ കൊളംബിയൻ താരം ജോൺ ഡുറാനാണ് വില്ലക്കായി വിജയഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ യങ് ബോയ്സിനെ 3-0ത്തിന് പരാജയപ്പെടുത്തിയ ഉനായി എമിരിയും സംഘവും ചാമ്പ്യൻസ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമായി തുടങ്ങാനായതിന്‍റെ ആത്മവിശ്വാത്തിലാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഗോളവസരങ്ങളും അപൂർവമായിരുന്നു. ഇൻജുറി ടൈമിൽ സൂപ്പർതാരം ഹാരി കെയ്നിന്‍റെ ഗോൾ ശ്രമം വില്ല ഗോൾ കീപ്പർ എമി മാർട്ടിനസ് രക്ഷപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ബെൻഫിക്കക്കെതിരെ രണ്ടു പെനാൽറ്റികൾ വഴങ്ങിയതാണ് സ്പാനിഷ് ക്ലബിന് തിരിച്ചടിയായത്.

കെരീം അക്തുർകോഗ്ലു (13ാം മിനിറ്റിൽ), എയ്ഞ്ചൽ ഡി മരിയ (52, പെനാൽറ്റി), അലക്സാണ്ടർ ബാഹ് (75), ഒർക്കുൻ കോക്കു (84, പെനാൽറ്റി) എന്നിവരാണ് ബെൻഫിക്കക്കായി വല കുലുക്കിയത്. ഒപ്പണിങ് മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 2-1ന് ബെൻഫിക്ക പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ സമാന സ്കോറിൽ ജർമൻ ക്ലബ് ആർ.ബി ലെപ്ഷിഗിനെ അത്ലറ്റികോയും തോൽപിച്ചിരുന്നു.

Tags:    
News Summary - UEFA Champions League: Benfica 4-0 Atlético Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.