യുവേഫ ചാമ്പ്യൻസ് ലീഗ്: തോറ്റ്.. തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്; യൂറോപ്പ ലീഗ് പോലും കാണാതെ പുറത്ത്

ലണ്ടൻ: ആശ്വാസ ജയം പോലും നേടാനാകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങി. ഓൾഡ്ട്രാഫോഡിൽ അവസാന അങ്കത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടങ്ങിയത്. ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് ഗ്രൂപ്പ് എയിൽ അവസാന സ്ഥാനക്കാരായതോടെ യൂറോപ്പ ലീഗിലേക്ക് പോലുമുള്ള യോഗ്യത നേടാനായില്ല. യുവേഫയുടെ ഇനിയുള്ള എല്ലാം ടൂർണമന്റെുകളിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി.

ഗ്രൂപ്പ് എയിൽ ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ആറ് മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുള്ള കോപ്പൻഹേഗനുമാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. അഞ്ചു പോയിന്റുമായ മൂന്നാം സ്ഥാനത്തുള്ള ഗാലറ്റസറായ് യൂറോപ്പ ലീഗിലെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടി.   


സ്വന്തം തട്ടകത്തിൽ യുണൈറ്റഡിന് ബയേണിനെതിരെ ജയം മാത്രമല്ല, കോപ്പൻ ഹാഗൻ-ഗാലറ്റസറായ് മത്സരം സമനിലയിൽ ആയാൽ മാത്രമേ മൂന്നോട്ട് പോകാനാവുമായിരുന്നുള്ളൂ. എന്നാൽ രണ്ടും സംഭവിച്ചില്ല. കോപ്പൻ ഹാഗൻ ഒരു ഗോളിന്റെ ജയം നേടി രണ്ടാമതെത്തുകയും ബയേണിനോട് ഒരു ഗോളിന് യൂണൈറ്റഡ് തോൽക്കുകയും ചെയ്തതോടെ പതനം പൂർണമായി.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതിയെങ്കിലും രണ്ടാം പകുതിയിൽ 70 മിനിറ്റിലാണ് ബയേൺ വിജയഗോൾ കണ്ടെത്തുന്നത്. ബയേണിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിങ്സ്ലി കോമനാണ് ഗോൾ കണ്ടെത്തിയത്.   


ആഴ്സനൽ, നാപോളി, ഇന്റർ മുന്നോട്ട്

ഗ്രൂപ് ബിയിൽനിന്ന് ആഴ്സനലും പി.എസ്.വിയുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ആഴ്സനൽ-പി.എസ്.വി മത്സരം 1-1 സമനിലയിൽ കലാശിച്ചപ്പോൾ ഇരു ടീമിനും യഥാക്രമം 13ഉം ഒമ്പതും പോയന്റായി. ഗ്രൂപ് സിയിൽ ഇറ്റാലിയൻ ക്ലബായ നാപോളി പോർചുഗീസ് ടീമായ ബ്രാഗയെ സ്വന്തം തട്ടകത്തിൽ 2-0ന് തോൽപിച്ച് രണ്ടാം സ്ഥാനത്തെത്തി അവസാന 16ലേക്കു മുന്നേറി. ഗ്രൂപ്പിൽ റയൽ മഡ്രിഡ് നേരത്തേ സ്ഥാനം ഉറപ്പിച്ചിരുന്നു. യൂനിയൻ ബർലിനെ 3-2ന് തോൽപിച്ച് റയൽ സമ്പൂർണ ജയം നേടി. റയലിന് 18ഉം നാപോളിക്ക് 10ഉം പോയന്റാണുള്ളത്. ഗ്രൂപ് ഡിയിൽ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനും (12) സ്പാനിഷ് ക്ലബായ റയൽ സോസിഡാഡുമാണ് (12) നോക്കൗട്ടിലെത്തിയത്. ഇവർ തമ്മിലെ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - UEFA Champions League: Manchester United out of Europe after 1-0 loss to Bayern Munich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.