പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ പി.എസ്.ജിയെ വീണ്ടും മുട്ടുകുത്തിച്ച് ബൊറൂസ്സിയ ഡോർട്മുണ്ട്. പാരീസിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ പി.എസ്.ജിയെ 1-0ന് തകർത്താണ് മഞ്ഞപ്പടയുടെ വിജയം. ബെർലിനിൽ നടന്ന ആദ്യ പാദത്തിലും ജർമൻ ക്ലബ് 1-0ന് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-0ന് ജയത്തോടെ ഡോർട്മുണ്ട് ഫൈനലിൽ കടന്നു.
പി.എസ്.ജിയുടെ ആധിപത്യം കണ്ട കളിയിൽ 50ാം മിനിറ്റിൽ മാറ്റ് ഹമ്മൽസ് നേടിയ ഗോളാണ് ഡോർട്മുണ്ടിനെ വിജയത്തിലെത്തിച്ചത്. കോർണർ കിക്കിൽ നിന്നും ഹെഡ്ഡറിലൂടെയാണ് ഹമ്മൽസ് ഗോൾ നേടിയത്. പിന്നീട്, കിലിയൻ എംബാപ്പയടക്കമുള്ള പി.എസ്.ജി താരങ്ങൾ ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരത്തിന്‍റെ 70 ശതമാനം സമയവും പന്ത് പി.എസ്.ജിയുടെ കാലുകളിലായിരുന്നു. എന്നാൽ ഗോൾ മാത്രം പിറന്നില്ല. 86ാം മിനിറ്റിൽ എംബാപ്പെയുടെ ഒരു ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയി. മത്സരം പൂർത്തിയായപ്പോൾ ഇരുപാദങ്ങളിലുമായി 2-0ന് ഡോർട്മുണ്ടിന്‍റെ ജയം.
ബർലിനിൽ നടന്ന ആദ്യ പാദത്തിൽ നിക്ലാസ് ഫുൾക്രഗ് നേടിയ ഒരു ഗോളിനായിരുന്നു ഡോർട്മുണ്ടിന്‍റെ ജയം. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലെ ആദ്യ സെമി 2-2ന് സമനിലയിലായിരുന്നു. ഇന്നാണ് രണ്ടാംപാദ സെമി. ഇന്ന് വിജയിക്കുന്നവർ ഫൈനലിൽ ഡോർട്മുണ്ടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.