താരരാജാക്കന്മാരുടെ ‘വരവ്’ മുടക്കാൻ യുവേഫ; യൂറോപ്യൻ ഫുട്ബാളിൽ ശമ്പള പരിധി നിർദേശത്തിന് ക്ലബുകളുടെ അംഗീകാരമെന്ന് സെഫറിൻ

ഓരോ സീസൺ ആരംഭത്തിലും ലോകം കാതോർക്കുന്നത് ശതകോടികൾ നൽകി ടീമുകൾ നടത്തുന്ന താരക്കച്ചവടത്തിനാണ്. താരമൂല്യം കൂടിയും കുറഞ്ഞും മിടുക്കർ കോടികളുടെ കിലുക്കവുമായി പുതിയ ടീമുകളുടെ ഭാഗമാകുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് റെക്കോഡുകൾ. ഇതിനിടെയാണ് താരങ്ങൾക്ക് നൽകാവുന്ന പരമാവധി ശമ്പളത്തിന് പരിധി വെക്കാനുള്ള നിർദേശവുമായി യുവേഫ രംഗത്തെത്തിയത്. ചെറുതും വലുതുമായ എല്ലാ ക്ലബുകളും നീക്കത്തിന് പിന്തുണ നൽകിയതായി യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ പറയുന്നു. ‘‘വമ്പൻ ക്ലബുകൾ, ചെറിയവർ, സർക്കാർ ഉടമസ്ഥതയിലുള്ളവ, ശതകോടീശ്വരന്മാരുടെ നിയന്ത്രണത്തിലുള്ളവ.. എല്ലാവരും ഇതിനൊപ്പമാണ്’’- സെഫറിന്റെ വാക്കുകൾ ഇങ്ങനെ.

കൈമാറ്റത്തുക ഉയരുന്നതിലൂടെ മത്സരത്തിന്റെ മൂല്യമാണ് നഷ്ടമാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പണം കൂടുതൽ മുടക്കാനറിയുന്ന അഞ്ചു ക്ലബുകൾ മാത്രം ചിത്രത്തിലുണ്ടാകും. മറ്റുള്ളവ ഒന്നുമല്ലാതാകുകയും ചെയ്യും. ഇത് ഒഴിവാക്കാൻ ശമ്പള പരിധി നിർണയത്തിലൂടെ സാധ്യമാകും- സെഫറിൻ പറയുന്നു.

മൊത്തം വരുമാനത്തിന്റെ 70 ശതമാനം വരെ ശമ്പളത്തിനും താരക്കൈമാറ്റത്തിനും ഉപയോഗിക്കാൻ 2024 നു ശേഷം അനുമതിയുണ്ട്. എന്നാൽ, 500 കോടി ഡോളർ വരുമാനമുള്ള ക്ലബുകൾക്ക് മുടക്കാൻ അത്രയും തുകയുണ്ടാകുമ്പോൾ അവിടെയും മത്സരം നഷ്ടമാകുകയാണെന്നും യുവേഫ പ്രസിഡന്റ് ആശങ്ക പങ്കുവെക്കുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് സെഫറിൻ യുവേഫ പ്രസിഡന്റ് പദത്തിൽ മൂന്നാം ഊഴവുമായി വീണ്ടുമെത്തുന്നത്. 2027 വരെ അദ്ദേഹം പദവിയിലുണ്ടാകും.

താരങ്ങളുടെ വിപണി മൂല്യം ഉയർന്നു നിൽക്കുന്നത് ചെറുകിട ടീമുകൾക്ക് പലപ്പോഴും കനത്ത തിരിച്ചടിയാണ്. എന്നാൽ, പണം കൂടുതലായി മുടക്കാനാകുന്നവർക്ക് ഏറ്റവും മികച്ച നിരയെ തന്നെ അണിനിരത്താനും കഴിയുന്നു. 

Tags:    
News Summary - Uefa president Aleksander Ceferin keen to bring in salary cap and 'everyone agrees'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.