ന്യോൺ (സ്വിറ്റ്സർലൻഡ്): റഫറിമാർക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിൽ ബാഴ്സലോണക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. സ്പെയിനിലെ കോടതി നടപടികൾക്ക് പിറകെ കേസിൽ യുവേഫയും അന്വേഷണം പ്രഖ്യാപിച്ചത് ബാഴ്സലോണക്ക് നെഞ്ചിടിപ്പേകുന്നതാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ചാമ്പ്യൻസ് ലീഗിലടക്കം വിലക്കുണ്ടാകും.
അച്ചടക്ക വിഭാഗം അന്വേഷണം നടത്തുമെന്ന് യുവേഫ പ്രസ്താവനയിൽ അറിയിച്ചു. സ്പാനിഷ് റഫറിയിങ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ജോസ് മരിയയുടെ കമ്പനിക്ക് 7.7 മില്യൺ ഡോളർ (ഏകദേശം 63.32 കോടി രൂപ) നൽകിയെന്നാണ് പരാതി. 2001 മുതൽ 2018 വരെ ഈ തുക നൽകിയത് റഫറിമാരെ സ്വാധീനിക്കാനാണെന്നാണ് ആരോപണം. കായികരംഗത്ത് അഴിമതിയും തട്ടിപ്പും നടത്തിയതായി സ്പെയിനിലെ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. എന്നാൽ, നിലവിൽ ജഡ്ജി കുറ്റം ചുമത്തിയിട്ടില്ല. റഫറിക്ക് പണം നൽകി മത്സരഫലം അട്ടിമറിച്ചതിന് തെളിവുകൾ ലഭ്യമായിട്ടില്ല. സാങ്കേതിക റിപ്പോർട്ടുകൾക്ക് വേണ്ടിയാണ് പണം നൽകിയതെന്നാണ് ക്ലബിന്റെ വാദം. പണം കൊടുത്ത് മത്സരഫലം അട്ടിമറിച്ചതായി യുവേഫക്ക് ബോധ്യമായാൽ ഒരു വർഷത്തെ മത്സരവിലക്കും കൂടുതൽ കോടതി നടപടികളും ബാഴ്സലോണ നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.