ലണ്ടൻ: ഞെട്ടലുകളേറെ കണ്ട പ്രിമിയർ ലീഗിൽ സ്വന്തം മൈതാനത്ത് വമ്പൻ വിജയവുമായി ആസ്റ്റൺ വില്ല. കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വില്ല മുക്കിയത്. വില്ല പാർക്കിൽ ഉനയ് എമറി പരിശീലകക്കുപ്പായമിട്ട ആദ്യ മത്സരത്തിലായിരുന്നു ആതിഥേയ വിജയം. 1995നു ശേഷം ആദ്യമായാണ് സ്വന്തം കളിമുറ്റത്ത് യുനൈറ്റഡിനെതിരെ വില്ല വിജയിക്കുന്നത്.
ഏഴാം മിനിറ്റിൽ ബെയ്‍ലിയിലൂടെ ആദ്യ ഗോൾ കുറിച്ച് വിജയവിളംബരത്തിലേക്ക് കന്നിച്ചുവടുവെച്ച വില്ല 11ാം മിനിറ്റിൽ ഡിഗ്നെയിലൂടെ ലീഡ് രണ്ടാക്കി. റാംസെയുടെ കാലിൽ തട്ടി ദിശമാറിയ സെൽഫ് ഗോളിൽ യുനൈറ്റഡ് ആശ്വാസം കണ്ടെത്തിയെങ്കിലും സ്വന്തം പിഴവിന് പകരംവീട്ടി രണ്ടാം പകുതി നാലു മിനിറ്റ് കഴിഞ്ഞ് റാംസെ വില്ലക്കായി ഗോൾ കുറിച്ചു.
ഇതോടെ തളർന്നുപോയ യുനൈറ്റഡുകാരെ വരച്ചവരയിൽനിർത്തിയ പ്രകടനവുമായി വില്ല ജയം ഉറപ്പാക്കുകയായിരുന്നു.
എറിക് ടെൻ ഹാഗിനു കീഴിൽ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റനാകുന്നതിനും വില്ല പാർക് സാക്ഷിയായി. ഓൾഡ് ട്രാഫോഡിൽ കളിതീരുംമുമ്പ് കയറിപ്പോയതിന് പഴിയേറെ കേൾക്കുകയും പരിശീലകൻ കൈയൊഴിയുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ് കോച്ചിന്റെ പ്രത്യുപകാരം. കളത്തിലെ പഴയകാല റോണോ മാജിക് പക്ഷേ, ഞായറാഴ്ച പുറത്തെടുക്കാനാകാത്തത് ടീമിനെ വൻ തോൽവിയിലേക്ക് തള്ളിവിട്ടു.
സ്റ്റീവൻ ജെറാഡിന്റെ പകരക്കാരനായി പരിശീലക പദവിയിൽ ഉനയ് എമറി ഇറങ്ങിയ ആദ്യ മത്സരമെന്ന സവിശേഷതയും ഞായറാഴ്ചത്തെ കളിക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.