ഖത്തർ ലോകകപ്പിലെ അർജന്‍റീന-ഫ്രാൻസ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം ഫ്രഞ്ച് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം പേർ ഒപ്പിട്ട ഹരജി ഫിഫക്ക് സമർപ്പിക്കാനിരിക്കുകയാണ് ആരാധകർ. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്‍റീനയുടെ ജയം.
ചില റഫറിയിങ് തീരുമാനങ്ങളാണ് ഫ്രഞ്ച് ആരാധകരുടെ പ്രതിഷേധത്തിനു കാരണം. അർജന്‍റീനക്ക് പെനാൽറ്റി വിധിച്ചത് ശരിയായ തീരുമാനമല്ലെന്നും എയ്ഞ്ചൽ ഡി മരിയ ഗോളടിക്കുന്നതിനു മുമ്പായി കിലിയൻ എംബാപ്പെയെ ഫൗൾ ചെയ്തെന്നുമാണ് ഇവർ പറയുന്നത്. ഈ മത്സരം ഒരിക്കലും പെനാൽറ്റിയിലേക്ക് പോകില്ലായിരുന്നു. അർജന്റീനയുടെ രണ്ടാം ഗോളിനിടെ എംബാപ്പെയെ ഫൗൾ ചെയ്തെന്നും ഇവർ ഹരജിയിൽ പറയുന്നു.
നിശ്ചിത സമയത്ത് 2-2 സ്കോറുമായി ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. എക്സ്ട്രാ ടൈമും സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലൂടെ വിധി നിർണയിച്ചത്. എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച ഗോൾ നേടിയതും നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു. ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് തട്ടിയകറ്റിയ റീബൗണ്ട് പന്ത് മെസ്സി ലക്ഷ്യത്തിലെത്തിച്ചു.
ഈ ഗോളിനെ ചൊല്ലിയുള്ള വിവാദവും കെട്ടടങ്ങിയിട്ടില്ല. മെസ്സിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അർജന്റീന നായകൻ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ, മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.