പാരിസ്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരങ്ങളിൽ ജയവും പ്രീക്വാർട്ടറും ആഘോഷിച്ച് പ്രീമിയർ ലീഗ് ടീമുകൾ. പരിശീലക വേഷത്തിൽ തലമാറ്റത്തിെൻറ പുത്തനുണർവുമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡും നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും വമ്പൻ ജയങ്ങളുമായി നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ ബെൻഫിക്കയോട് ഗോൾരഹിത സമനില വഴങ്ങിയ ബാഴ്സക്ക് ഇനി അവസാന ഗ്രൂപ് മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ചാലേ അവസാന 16ലെത്താനാകൂ.
യുനൈറ്റഡിനെ കരകടത്തി റോണോ മാജിക്
പ്രീമിയർ ലീഗിൽ നിരന്തര വീഴ്ചകളുമായി കോച്ചിെൻറ തലയുരുളൽ കണ്ട മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ പരിശീലകനു കീഴിൽ കന്നിയങ്കത്തിൽ, ലാ ലിഗ ടീമായ വിയ്യാ റയലിനെതിരെ കുറിച്ചത് അനായാസ ജയം. പലവട്ടം ഗോളി ഡേവിഡ് ഡി ഗിയ രക്ഷകനായ കളിയുടെ 78ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ച് ഗോൾ നേടുന്നത്.
ഈ സീസണിൽ ആറാം ഗോൾ കണ്ടെത്തിയ സൂപ്പർ താരം ചാമ്പ്യൻസ് ലീഗിൽ നേടുന്നത് 140ാമത്തേത്. കരിയറിൽ 799 എന്ന സ്വപ്നനേട്ടവും ഇതോടെ റോണോക്കു സ്വന്തം. റെക്കോഡ് തുകക്ക് ടീമിലെത്തി നിറംമങ്ങിയ പ്രകടനവുമായി ഇതുവരെയും നിരാശപ്പെടുത്തിയ ജെയ്ഡൻ സാഞ്ചോയുടെ വകയായിരുന്നു യുനൈറ്റഡിെൻറ രണ്ടാം ഗോൾ.
യുവെയെ തരിപ്പണമാക്കി ചെൽസി
നിലവിൽ യൂറോപ്യൻ ഫുട്ബാളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ നീലക്കുപ്പായക്കാർക്കു മുന്നിൽ മൂക്കുകുത്തിവീണ് ഇറ്റാലിയൻ കൊമ്പന്മാർ. എതിരില്ലാത്ത നാലു ഗോളിന് യുവൻറസിനെ വീഴ്ത്തിയ ചെൽസി ഇതോടെ ഗ്രൂപ് എച്ചിൽ ഒന്നാമന്മാരായി നോക്കൗട്ടിലെത്തി. യുവതാരം ടെവോഹ് ചലോബാഹിലൂടെ മുന്നിലെത്തിയ ചെൽസി കൃത്യമായ ഇടവേളകളിൽ എതിർവലയിൽ പന്തെത്തിച്ചാണ് ഗോൾവേട്ട പൂർത്തിയാക്കിയത്. റീസ് ജെയിംസ്, റൂബൻ ലോഫ്റ്റസ്-ചീക്, ടിമോ വെർണർ എന്നിവർ പട്ടിക പൂർത്തിയാക്കി.
വീണ്ടും കാലിടറി ബാഴ്സലോണ
സ്വന്തം കളിമുറ്റത്ത് എതിരാളികൾക്കു മുന്നിൽ ഗോളില്ലാ സമനിലകൊണ്ട് തൃപ്തിപ്പെട്ട ബാഴ്സയെ കാത്തിരിക്കുന്നത് വലിയ കടമ്പ. ഗ്രൂപ് ഇയിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയോടാണ് ടീം സമനില പിടിച്ചത്. പുതുതായി എത്തിയ 18കാരൻ യൂസുഫ് ഡെമിർ പന്ത് ക്രോസ്ബാറിലടിച്ചതുൾപ്പെടെ അവസരങ്ങൾ സൃഷ്ടിച്ച് മുന്നിൽനിന്നതൊഴിച്ചാൽ കറ്റാലന്മാർ നിരാശപ്പെടുത്തി.
അവസാന മത്സരത്തിൽ ബുണ്ടസ് ലിഗ അതികായരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ചാൽ മാത്രമേ ഇനി ബാഴ്സക്ക് അവസാന 16ൽ എത്താനാകൂ. പുതിയ പരിശീലകനു കീഴിൽ ടീം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ മുന്നിലുള്ള ബയേണിനെ കടക്കൽ ദുഷ്കരമാകും. ഗ്രൂപ്പിൽ അഞ്ചു കളികളിൽ എല്ലാം ജയിച്ച് 15 പോയൻറുമായി ബയേൺ ഒന്നാമതും അത്രയും കളികളിൽ ഏഴു പോയൻറുമായി ബാഴ്സ രണ്ടാമതുമാണ്.
ബയേണിെൻറ സ്വന്തം 'ലെവഗോൾസ്കി '
ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഒമ്പതാം മത്സരത്തിലും ലക്ഷ്യംകണ്ട റോബർട്ട് ലെവൻഡോവ്സ്കിയുടെ കരുത്തിൽ ബയേൺ മ്യൂണിക്കിന് അഞ്ചാം ജയം. ഗ്രൂപ് ഇയിൽ ഡൈനാമോ കിയവിനെയാണ് ഒന്നിെനതിരെ രണ്ടു ഗോളിന് ടീം തോൽപിച്ചത്. ജോഷ്വ കിമ്മിഷും സെർജി നബ്റിയുമില്ലാതിറങ്ങിയിട്ടും കളംനിറഞ്ഞ ബയേൺ ആദ്യാവസാനം അവസരം തുറന്ന് മുന്നിൽ നടന്ന കളിയുടെ 15ാം മിനിറ്റിലാണ് െലവൻഡോവ്സ്കിയുടെ മിന്നും സിസർകട്ട് ഗോൾ പിറന്നത്.
എതിർ ടീം ഡിഫൻഡറുടെ കാലിൽതട്ടി മടങ്ങിയ പന്ത് കാത്തിരുന്ന ലെവൻഡോവ്സ്കി മലർന്നുചാടി ഗോളിയെ കീഴടക്കുകയായിരുന്നു. ഇതോടെ ഒമ്പതു മത്സരങ്ങളിൽ തുടർച്ചയായ രണ്ടു തവണ ലക്ഷ്യംനേടുന്ന താരമായി 33കാരൻ. 2020 ആഗസ്റ്റിലാണ് ആദ്യമായി ഒമ്പതു മത്സരങ്ങളിൽ എതിർവല തുളച്ച് റെക്കോഡിനൊപ്പമെത്തിയിരുന്നത്. കിങ്സ്ലി കോമാൻ ബയേണിനായി രണ്ടാം ഗോൾ നേടിയപ്പോൾ ഡെനിസ് ഹർമാഷ് കിയവിെൻറ ആശ്വാസ ഗോൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.