ബ്യൂണസ് അയേഴ്‌സ്: അണ്ടർ-20 ലോകകപ്പ് ഫുട്‌ബാൾ കിരീടം ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്ക്ക്. അർജന്റീനയിലെ ടൊളോസയിലെ ഡീഗോ മറഡോണ സ്‌റ്റേഡിയത്തിലെ 40,000ത്തിലധികം കാണികൾക്ക് മുന്നിൽ നടന്ന കലാശപ്പോരിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 1997ലും 2013ലും ഫൈനലിൽ തോറ്റ ഉറുഗ്വായ്ക്ക് ആദ്യ കിരീട നേട്ടമാണിത്.
വാശിയേറിയ പോരാട്ടത്തിൽ 86ാം മിനിറ്റിൽ ലൂസിയാനോ റോഡ്രിഗസ് നേടിയ ഗോളാണ് ഉറുഗ്വായ്ക്ക് സ്വപ്ന കിരീടം സമ്മാനിച്ചത്. ക്ലോസ് റേഞ്ചിൽനിന്നുള്ള ഹെഡർ ഇറ്റാലിയൻ വലയിൽ കയറുകയായിരുന്നു. നിരവധി അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് ഗോളെണ്ണം കുറച്ചത്. റോഡ്രിഗസിന്റെ ഫ്രീകിക്കും ക്യാപ്റ്റൻ ഫാബ്രിസിയോ ഡയസിന്റെ രണ്ട് ലോങ് ഷോട്ടുകളും ആൻഡേഴ്സൺ ഡുവാർട്ടെയുടെ ഹെഡറുമെല്ലാം ഇറ്റാലിയൻ ഗോൾകീപ്പർ സെബസ്റ്റ്യാനോ രക്ഷപ്പെടുത്തുകയായിരുന്നു.
ടൂർണമെന്റിലുടനീളം അത്യുഗ്രൻ ഫോമിൽകളിച്ച ഉറുഗ്വായ് ആകെ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. ഇത് മൂന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയതായിരുന്നു. മറ്റൊരു ടീമിനുമുമ്പിലും ഗോൾ വഴങ്ങാതെയാണ് ഫൈനലിലേക്ക് കുതിച്ചത്. ആതിഥേയരായ അർജന്റീനയും ബ്രസീലും ഇംഗ്ലണ്ടും അടക്കമുള്ള വമ്പന്മാരും നേരത്തെ പുറത്തായ ടൂർണമെന്റിലാണ് ഉറുഗ്വായ് വിജയക്കൊടി നാട്ടിയത്. ലൂസേഴ്‌സ് ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ആദ്യ ലോകകപ്പിനെത്തിയ ഇസ്രായേൽ മൂന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.