േഫ്ലാറിഡ: കോപ അമേരിക്ക ഫുട്ബാളിൽ ഉറുഗ്വായ്ക്കും യു.എസ്.എക്കും ജയം. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ പനാമയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഉറുഗ്വായ് തകർത്തുവിട്ടതെങ്കിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബൊളീവിയയെയാണ് യു.എസ്.എ കീഴടക്കിയത്.
15 തവണ കോപ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് റെക്കോഡ് പങ്കിടുന്ന ഉറുഗ്വായ് തുടക്കം മുതൽ എതിരാളികൾക്കുമേൽ ആധിപത്യം നേടുകയും 16ാം മിനിറ്റിൽ തന്നെ ലീഡ് പിടിക്കുകയും ചെയ്തു. മാക്‌സിമിലിയാനോ അരൗജോയാണ് അക്കൗണ്ട് തുറന്നത്. എന്നാൽ, ആദ്യപകുതിയിൽ പിന്നീട് വല കുലുക്കാൻ ഇരുടീമിനുമായില്ല.
രണ്ടാം പകുതിയിൽ പനാമ കൂടുതൽ ഉണർന്നുകളിച്ചെങ്കിലും അവസരങ്ങളേറെ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഡാർവിൻ നൂനസ് ഉറുഗ്വെയുടെ ലീഡുയർത്തി. നിരവധി അവസരങ്ങൾ നഷ്ടമാക്കിയ ശേഷമായിരുന്നു തകർപ്പൻ വോളിയിലൂടെ താരം സ്കോർ പട്ടികയിൽ ഇടംപിടിച്ചത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മാത്യാസ് വിന കൂടി ലക്ഷ്യം കണ്ടതോടെ സ്കോർ 3-0 ആയി. എന്നാൽ, മൂന്ന് മിനിറ്റിനകം അമീർ മുറില്ലോ പനാമക്ക് ആശ്വാസ ഗോൾ സമ്മാനിച്ചു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യു.എസ്.എ ബൊളീവിയയെ വീഴ്ത്തിയത്. വ്യക്തമായ ആധിപത്യം പുലർത്തിയ യു.എസ്.എ മൂന്നാം മിനിറ്റിൽ തന്നെ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ ലീഡ് പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ പുലിസിച്ചിന്റെ പാസിൽ ഫോളാരിൻ ബലോഗനിലൂടെ ഗോളെണ്ണം ഇരട്ടിപ്പിച്ചു. രണ്ടാം പകുതിയിൽ ഒരിക്കൽ കൂടി ബലോഗൻ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. തിരിച്ചുവരാനുള്ള ബൊളീവിയയുടെ ശ്രമങ്ങൾ വിജയം കാണാതിരുന്നതോടെ ആതിഥേയർക്ക് നിർണായക വിജയവും മൂന്ന് പോയന്റും സ്വന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.