ആംസ്റ്റർഡാം: ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ലയണൽ മെസ്സി നയിച്ച അർജന്റീന കിരീടനേട്ടത്തിലെത്തുന്നതിന് അധികൃതർ കൃത്രിമം നടത്തിയതായി ആരോപിച്ച് മുൻ നെതർലാൻഡ്സ് കോച്ച് ലൂയി വാൻ ഗാൽ. വാൻ ഗാൽ ആണ് ഖത്തർ ലോകകപ്പിൽ ഡച്ചുടീമിനെ പരിശീലിപ്പിച്ചിരുന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റാണ് നെതരർലാൻഡ്സ് ലോകകപ്പിൽനിന്ന് പുറത്തായത്.
വീറും വാശിയും നിറഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനയോട് തോറ്റശേഷം മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങളുടെ രോഷത്തിന് വാൻ ഗാൽ പാത്രമായിരുന്നു. വാൻ ഗാലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച മെസ്സി ഡച്ച് കോച്ചിനെതിരെ പരസ്യമായി വിമർശനമുന്നയിക്കുകയും ചെയ്തു.
‘അർജന്റീന ഗോൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും എങ്ങനെയാണെന്ന് നിങ്ങൾ നോക്കൂ. ചില അർജന്റീന കളിക്കാർ അങ്ങേയറ്റം മോശമായാണ് പെരുമാറിയത്. എന്നിട്ട് അവർക്ക് ശിക്ഷയൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാം ആദ്യമേ തീരുമാനിച്ചുറപ്പിച്ചതാണെന്ന് ഞാൻ ചിന്തിക്കുന്നത്’ -ഒരു അവാർഡ് ദാന ചടങ്ങിനിടെ എൻ.ഒ.എസ് ചാനലിനോട് വാൻ ഗാൽ പറഞ്ഞു.
ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരിക്കാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടപ്പോൾ വാൻ ഗാൽ വഴങ്ങിയില്ല. ‘എല്ലാം ഞാൻ പറഞ്ഞുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. എന്തുവില കൊടുത്തും ടൂർണമെന്റ് ജയിക്കാൻ മെസ്സി ഒരുങ്ങിയിരുന്നുവെന്ന് എന്തുകൊണ്ടാണ് താങ്കൾ കരുതുന്നത്? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം വാൻ ഗാലിനുണ്ടായിരുന്നില്ല. ‘ഞാൻ അങ്ങനെ കരുതുന്നു’ എന്നായിരുന്നു ഒറ്റ വാചകത്തിൽ മറുപടി.
സെമിഫൈനലിൽ ക്രൊയേഷ്യയെ ആധികാരികമായി തോൽപിച്ച അർജന്റീന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കലാശക്കളിയിൽ ഫ്രാൻസിനെ ടൈബ്രേക്കറിൽ കീഴടക്കിയാണ് മൂന്നാം തവണയും കപ്പിൽ മുത്തമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.