ചാമ്പ്യൻസ് ലീഗിൽ നാപോളി- ഫ്രാങ്ക്ഫുർട്ട് പോരിന് മുമ്പ് ആരാധകരുടെ തെരുവുയുദ്ധം; കളി ജയിച്ച് നാപോളി ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ട് ആരാധകർക്ക് നാ​പോളി മൈതാനത്ത് പ്രവേശനം വിലക്കിയതിനെ ചൊല്ലി നേപ്ൾസ് നഗരത്തിൽ തെരുവുയുദ്ധം. ടിക്കറ്റ് ലഭിക്കാത്തതിന്റെ അരിശം തീർക്കാൻ തെരുവിലിറങ്ങിയ ഫ്രാങ്ക്ഫുർട്ട് ആരാധകർ വാഹനം കത്തിച്ചും നിരത്തുനിറഞ്ഞ് അക്രമമുണ്ടാക്കിയും പ്രതിഷേധം ശക്തമാക്കി. നേരത്തെ ഫ്രാങ്ക്ഫുർട്ട് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം പാദത്തിൽ ആതിഥേയരായ കാണികൾ പ്രശ്നമുണ്ടാക്കിയെന്നു പറഞ്ഞാണ് രണ്ടാം പാദത്തിൽ ടിക്കറ്റ് വിലക്കിയത്. മണിക്കൂറുകളോളം നിരത്തുകീഴടക്കിയ ജർമൻ കാണികൾ കലാപ ​പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. 400 ഓളം കാണികളാണ് ഫ്രാങ്ക്ഫുർട്ടിൽനിന്ന് വിമാനം കയറിയെത്തിയിരുന്നത്. ഇവരെ നാപോളിയുടെ തട്ടകമായ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ വിലക്കിയതാണ് വില്ലനായത്. ജർമൻ ആരാധകരെ നേരിടാൻ നാ​പോളി ആരാധകരും ഇറങ്ങിയത് പ്രശ്നം ഗുരുതരമാക്കി. ഒരു പൊലീസ് കാർ കത്തി നശിച്ചതിനു പുറമെ റോഡരികിൽ നിർത്തിയിട്ട മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. കടകൾക്കു നേരെയും അക്രമമുണ്ടായി. നൂറുകണക്കിന് പൊലീസുകാരെ അണിനിരത്തിയാണ് അധികൃതർ കലാപകാരികളെ നേരിട്ടത്. സംഭവം ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നമായി മാറിയതോടെ ഇറ്റലിയിലെ ജർമൻ അംബാസഡറെ വിളിച്ചുവരുത്തി.

ടിക്കറ്റ് വിലക്കിൽ പ്രതിഷേധിച്ച് ഫ്രാങ്ക്ഫുർട് ടീമിലെ മുതിർന്ന ഒഫീഷ്യലുകളിൽ പലരും നേപ്ൾസിലെത്തിയില്ല. ആദ്യം നേപ്ൾസ് ആരാധകരാണ് അക്രമമുണ്ടാക്കിയതെന്ന് ഫ്രാങ്ക്ഫുർട്ട് ഡയറക്ടർ ഫിലിപ് റെഷ്കെ പറഞ്ഞു. 

അതേ സമയം, കഴിഞ്ഞ സെപ്റ്റംബറിൽ മാഴ്സെക്കെതിരായ മത്സരത്തിലും ഫ്രാങ്ക്ഫുർട്ട് ആരാധകർ പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് ഫിഫ കുറ്റം ചുമത്തിയിരുന്നു.



കാൽഡസൻ ഗോളുകൾ; നാപോളി ക്വാർട്ടറിൽ

പുറത്ത് ഫ്രാങ്ക്ഫുർട്ട് ആരാധകർ നടത്തിയ അതിക്രമങ്ങൾക്ക് മൈതാനത്ത് കണക്കുതീർത്ത് നാപോളി. എതിരില്ലാത്ത മൂന്നു ഗോളിന് രണ്ടാം പാദം ജയിച്ച് (ഇരു പാദങ്ങളിലായി 5-0) ആതിഥേയർ അനായാസം ക്വാർട്ടറിലെത്തി. വിക്ടർ ഒസിംഹെൻ രണ്ടുവട്ടം വല കുലുക്കിയപ്പോൾ സിയെലിൻസ്കിയുടെ വകയായിരുന്നു മൂന്നാം ​ഗോൾ.

ജർമനിയിൽ ആദ്യ പാദം അനായാസം കടന്ന നാപോളിക്കു തന്നെയായിരുന്നു ​ആദ്യാവസാനം മേൽക്കൈ. അത് അവസരമാക്കിയാണ് സ്വന്തം മൈതാനത്തിന്റെ ആനുകൂല്യവും ഉപയോഗപ്പെടുത്തി എതിരാളികളെ സംപൂജ്യരാക്കിയത്.  ചാമ്പ്യൻസ് ലീഗ് സീസണിൽ 24 ഗോളടിച്ച് നാപോളി ടൂർണമെന്റ് ടോപ്സ്കോറർമാരായി. ടീമിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാപോളി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിക്കാനൊരുങ്ങുന്നത്.

സീരി എയിൽ 18 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് നാപോളി. നിലവലെ ഫോം പരിഗണിച്ചാൽ ലീഗ് കിരീടം മാത്രമല്ല, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ടീമിന് വലിയ ഉയരങ്ങൾ സ്വപ്നം കാണാനാകും. 

Tags:    
News Summary - Victor Osimhen scored twice as Napoli cruised into the Champions League quarter-finals for the first time with a comfortable win over Eintracht Frankfurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT