‘ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്ഥാനമില്ല’; വംശീയാധിക്ഷേപം നേരിട്ട ലമീൻ യമാലിനെ പിന്തുണച്ച് വിനീഷ്യസ്

മഡ്രിഡ്: എൽ ക്ലാസിക്കോ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ ബാഴ്സലോണ കൗമാര താരം ലമീൻ യമാലിനെ പിന്തുണച്ച് റയൽ മഡ്രിഡിന്‍റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ. ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് താരം പറഞ്ഞു.

റയലിനെതിരായ മത്സരത്തിന്റെ 77ാം മിനിറ്റിൽ ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെയാണ് യമാലിനുനേരെ വംശീയാധിക്ഷേപം നടന്നത്. താരത്തിന്റെ ആംഗ്യവിക്ഷേപത്തിൽ പ്രകോപിതരായ ചില കാണികളാണ് വംശീയാധിക്ഷേപങ്ങൾ ചൊരിഞ്ഞത്. സംഭവത്തെ സ്പാനിഷ് ലാ ലിഗ‍യും റയൽ മഡ്രിഡ് ക്ലബും അപലപിച്ചിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും റയൽ അറിയിച്ചു. പിന്നാലെയാണ് താരത്തിന് പിന്തുണയുമായി വിനീഷ്യസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

‘ബെർണബ്യൂവിൽ ഇന്നലെ വംശീയാധിക്ഷേപം നടന്നതിൽ ഖേദമുണ്ട്. നമ്മുടെ സമൂഹത്തിൽ ഈ കുറ്റവാളികൾക്ക് സ്ഥാനമില്ല. ലാമിനിനും അൻസുവിനും റാഫിഞ്ഞക്കും എല്ലാ പിന്തുണയും. മഡ്രിഡ് ക്ലബ് അധികൃതരും പൊലീസും കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും’ -വിനീഷ്യസ് എക്സിൽ കുറിച്ചു. വിനീഷ്യസും നിരവധി തവണ കാണികളുടെ വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു.

എൽ ക്ലാസികോ പോരിൽ റയലിനെ മറുപടിയില്ലാത്ത നാല് ഗോളിനാണ് ബാഴ്സ തകർത്തെറിഞ്ഞത്. കറ്റാലൻസിന് വേണ്ടി റോബർട്ട് ലെവൻഡോസ്കി രണ്ടുവട്ടം സ്കോർ ചെയ്തു. കൗമാരതാരം ലമീൻ യമാലിന്റേയും റാഫീഞ്ഞയുടേയും വകയായിരുന്നു മറ്റു ഗോളുകൾ. ദുഃസ്വപ്നങ്ങളിൽപോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് നിലവിലെ ലാലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളാ‍യ റയലിന് കഴിഞ്ഞ ദിവസം ഉണ്ടായത്.

ജയത്തോടെ സ്പാനിഷ് ലാ ലിഗയിൽ 11 കളികളിൽ 30 പോയന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. 11 മത്സരങ്ങളിൽ ഏഴ് ജയത്തോടെ 24 പോയന്റുമായി റയൽ മഡ്രിഡ് രണ്ടാമതാണ്.

Tags:    
News Summary - Vinicius Junior Supports Lamine Yamal Following Racist Chants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.