ദോഹ: 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണത് പുലരുന്നത്. വിശ്വമേളയുടെ പരമോന്നത വേദിയിൽ വെയ്ൽസ് ബൂട്ടുകെട്ടിയിറങ്ങുന്നു. ലോറൻ മക്നീ അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും ഖത്തറിലെത്തും. അത് വീടു നിർമിക്കാൻ കരുതിവെച്ച കാശെടുത്തിട്ടായാലും.
ലോറൻ പോവുകയാണെങ്കിൽ അവളെപ്പോലെ കടുത്ത ഫുട്ബാൾ പ്രേമിയായ അനുജത്തി കെറിൻ വീട്ടിലിരിക്കുന്നതെങ്ങനെ? അവളും പോകുന്നുണ്ട് സഹോദരിയുടെ കൂടെ ദോഹയിലേക്ക്. ആദ്യ മത്സരത്തിൽ യു.എസ്.എയുമായി വെയ്ൽസ് മാറ്റുരക്കുമ്പോൾ ഈ കൂടപ്പിറപ്പുകൾ പിറന്ന നാടിന് പിന്തുണയുമായി കൽപടവുകളിലുണ്ടാകും. വീടുകെട്ടാൻ സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ലോകകപ്പ് കാണാനെത്തുന്നത്.
''വീടു നിർമിക്കുന്നതിന് കാശുണ്ടാക്കാൻ ജീവിതത്തിലെ ശേഷിക്കുന്ന കാലം ബാക്കിയുണ്ടല്ലോ. വെയ്ൽസിന്റെ കളി പക്ഷേ, അതുപോലെയല്ല. ഇത് ആയുസ്സിൽ ഒരിക്കൽ കിട്ടുന്ന സൗഭാഗ്യമാണ്'' -ലോറൻ പറയുന്നു. എട്ടു വർഷമായി മക്നീ സഹോദരിമാർ ഈ സ്വപ്നവുമായി വെയ്ൽസ് ടീമിനു പിന്നാലെയുണ്ട്. ഒടുവിൽ ആഗ്രഹ സാക്ഷാത്കാരമായി ടീം ലോകകപ്പിന് യോഗ്യത നേടിയപ്പോൾ ഇരുവർക്കും ലോകം ജയിച്ചതുപോലുള്ള സന്തോഷമായിരുന്നു.
ലോറന് 34ഉം കെറിന് 32ഉം വയസ്സുണ്ട്. ചെറുപ്പം മുതൽ ഇരുവരും വെയ്ൽസിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലെത്താറുണ്ട്. വെയ്ൽസിനു പുറത്ത് പലയിടങ്ങളിലും ഇരുവരും ടീമിന്റെ മത്സരം കാണാൻ പോയിട്ടുമുണ്ട്. ലോകകപ്പിന് ഓരോരുത്തർക്കും 2500 പൗണ്ട് ചെലവിട്ടാണ് നവംബർ 21ന് തുടങ്ങുന്ന ആദ്യറൗണ്ട് മത്സരങ്ങൾക്കായി സഹോദരിമാർ എത്തുന്നത്.
വെയ്ൽസിന്റെ എവേ ട്രാവൽ പാർട്ണർമാരായ വങ്കീ ഷീപ്പിന് ഇതിനകം പണം അടച്ചുകഴിഞ്ഞു. ''സ്വന്തമായൊരു വീട് എന്ന ലക്ഷ്യവുമായി പണം സ്വരൂപിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. പക്ഷേ, ഇപ്പോൾ സ്വന്തം വീടെന്ന സ്വപ്നത്തെക്കാൾ പ്രധാനം ലോകകപ്പാണ്' -സഹോദരിമാർക്ക് ഒരേ അഭിപ്രായം. സെൽഫ് കേറ്ററിങ് അപ്പാർട്മെന്റാണ് ഇവർ ദോഹയിൽ താമസത്തിനായി ആശ്രയിക്കുന്നത്.
''ഇപ്പോൾ വെയ്ൽസിന്റെ മത്സരത്തിനായി 60ലേറെ വർഷം കാത്തിരിക്കേണ്ടിവന്നു. ഇനിയുമൊരു 60 വർഷം കാത്തിരിക്കേണ്ടിവന്നാൽ, അന്ന് ഞങ്ങൾ തൊണ്ണൂറുകളിലെത്തും. ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ അന്ന് കളി കാണാൻ പോകാൻ കഴിയില്ല'' -കെറിന് ഖത്തറിലെത്താൻ കൃത്യമായ ന്യായമുണ്ട്. നൂറുകണക്കിന് ആരാധകരാണ് ഇത്തവണ ദേശീയ ടീമിന്റെ മത്സരം നേരിട്ടു കാണാൻ ഖത്തറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.