ഇന്റർ മയാമി ജഴ്സിയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനവുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങുമ്പോൾ വൈറലായി ഒരു വിഡിയോ. ഇന്റർ മയാമിക്കായി മെസ്സി അരങ്ങേറിയ ആദ്യ മത്സരത്തിനിടെയുണ്ടായ സംഭവമാണ് വൈറലായത്. മത്സരത്തിന്‍റെ തുടക്കത്തിൽ മെസ്സിക്കൊപ്പം ഗ്രൗണ്ടിൽ പ്ലേയർ എസ്കോർട്ട് ആയി വന്ന ബാലന്‍റെ വിഡിയോയാണ് ഇന്‍റർനെറ്റിൽ തരംഗമായത്.
അമേരിക്കയിലെ പ്രശസ്തനായ ഡി.ജെ ഖാലിദിന്‍റെ മകനാണ് മെസ്സിക്കൊപ്പം ഗ്രൗണ്ടിലെത്തിയത്. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കുട്ടി വിതുമ്പിക്കരയുകയായിരുന്നു. കരയുന്ന കുട്ടിയെ മെസ്സി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടർന്ന് താരം അവനെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. ഡി.ജെ ഖാലിദും ഈ സമയം അവിടെയുണ്ടായിരുന്നു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്റർ മയാമിക്കായുള്ള രണ്ടാം മത്സരത്തിലും മെസ്സി തിളങ്ങി. അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ മെസ്സി, ഒരു ഗോളിനു വഴിയൊരുക്കി. എട്ട്, 22 മിനിറ്റുകളിൽ ഗോളടിച്ച് മെസ്സി തിളങ്ങിയപ്പോൾ, ഇന്റർ മയാമിയുടെ വിജയം എതിരില്ലാത്ത നാലു ഗോളുകൾക്ക്. റോബർട്ട് ടെയ്‍ലർ 44,53 മിനിറ്റുകളിൽ ഇന്റർ മയാമിക്കായി ഗോളുകൾ നേടി.
ആദ്യ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ മെസ്സി വിജയ ഗോൾ നേടിയിരുന്നു. പകരക്കാരനായി കളിക്കാനിറങ്ങിയ മെസ്സി 94–ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ പ്ലേയിങ് ഇലവനിൽ ഇറങ്ങിയ മെസ്സിക്ക് ഗോളടിക്കാനായി അധികം കാത്തിരിക്കേണ്ടിവന്നില്ല. മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ ചേർന്ന സ്പാനിഷ് താരം സെർജിയോ ബുസ്കെറ്റ്സ് മെസ്സിയെ ലക്ഷ്യമാക്കി പന്ത് ഉയർത്തി നൽകി. മെസ്സിയുടെ ലോ ഷോട്ട് പോസ്റ്റിൽ തട്ടിയെങ്കിലും റീബൗണ്ടിൽ ഗോൾ നേടി അർജന്റീന താരം മയാമിയെ മുന്നിലെത്തിച്ചു.
ഫിന്നിഷ് വിങ്ങർ ടെയ്‍ലറുമായി ചേര്‍ന്നാണു മെസ്സിയുടെ രണ്ടാം ഗോൾ പിറന്നത്. ഗ്രൗണ്ടിനു മധ്യത്തിൽനിന്നു പന്തെടുത്ത് മുന്നേറിയ മെസ്സി ടെയ്‍ലർക്കു പാസ് നൽകി. പിന്നീട് ബോക്സിലേക്കു കുതിച്ച മെസ്സിക്കു പിഴവുകളില്ലാതെ ടെയ്‍ലർ പന്തു പാസ് ചെയ്തു നൽകി. അറ്റ്ലാന്റ ഗോളിയെ പരാജയപ്പെടുത്തി മെസ്സിയുടെ രണ്ടാം നീക്കവും വലയിൽ.
Messi consoling DJ Khaled's son who was crying 🥺❤️ pic.twitter.com/UZyhyIAmKS
— ESPN FC (@ESPNFC) July 25, 2023
ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സിയെ 78–ാം മിനിറ്റിൽ ഇന്റർ മയാമി സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. അറ്റ്ലാന്റയ്ക്കെതിരെ ക്യാപ്റ്റനായാണ് മെസ്സി കളിക്കാനിറങ്ങിയത്. ലീഗ്സ് കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം വിജയത്തോടെ ഇന്റർ മയാമി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മെസ്സിക്കരുത്തിൽ ആദ്യ കിരീടം നേടാമെന്നാണ് മയാമിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.