‘14 വർഷങ്ങൾക്കിപ്പുറം ജനം അതുതന്നെ സംസാരിക്കുന്നു’; തനിക്ക് ലഭിക്കേണ്ട ബാലൺ ദ്യോർ മെസ്സി തട്ടിയെടുത്തെന്ന വാദത്തോട് പ്രതികരിച്ച് മുൻ ഡച്ച് ഇതിഹാസം

പാരീസ്: ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമുള്ള വ്യക്തിഗത പുരസ്കാരമാണ് ബാലൺ ദ്യോർ. അതുകൊണ്ടു തന്നെ പുരസ്കാര നിർണയം പലപ്പോഴും വിവാദത്തിന് കാരണമാകാറുണ്ട്. ഇത്തവണയും അതിനുമാറ്റമില്ല.

റയൽ താരങ്ങളുടെ ബഹിഷ്കരണത്തിനിടെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക് പുരസ്കാരം സമ്മാനിച്ചത്. ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് റയൽ ചടങ്ങ് ബഹിഷ്കരിച്ചത്. കഴിഞ്ഞ സീസണിൽ ക്ലബിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിനീഷ്യസിന് പുരസ്കാരം നൽകാത്തതാണ് റയൽ അധികൃതരെ ചൊടിപ്പിച്ചത്. 2010ൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു ബാലൺ ദ്യോർ നൽകിയതിനെ ചൊല്ലിയും വിവാദങ്ങൾ ഉടലെടുത്തിരുന്നു.

നെതർലൻഡ്സ് താരം വെസ്ലി സ്നൈഡറെ മറികടന്നാണ് മെസ്സിക്ക് പുരസ്കാരം നൽകിയതെന്നായിരുന്നു ഒരുവിഭാഗത്തിന്‍റെ ആരോപണം. തനിക്ക് ലഭിക്കേണ്ടിയിരുന്ന ബാലണ്‍ ദ്യോർ മെസ്സി തട്ടിയെടുത്തു എന്ന വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്റര്‍ മിലാന്‍ മുൻ താരം കൂടിയായ സ്നൈഡർ. 14 വര്‍ഷത്തിന് ശേഷവും ആളുകള്‍ ഇതുതന്നെയാണ് സംസാരിക്കുന്നതെന്നും എന്നാല്‍ വ്യക്തിഗത പുരസ്‌കാരങ്ങളേക്കാള്‍ ടീമിനൊപ്പം കിരീടം നേടുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സ്‌നൈഡര്‍ പറഞ്ഞു.

2010ലെ ബാലണ്‍ ദ്യോർ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിച്ചവരില്‍ മുന്നിലായിരുന്നു സ്‌നൈഡര്‍. സീസണിൽ ഇന്‍റർമിലാന്‍റെ ട്രബ്ൾ കിരീട നേട്ടത്തിൽ താരം നിർണായക പങ്കുവഹിച്ചു. ഹോസെ മൗറീന്യോ പരിശീലിപ്പിച്ച മിലാൻ സീരി എ, കോപ്പ ഇറ്റാലിയ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി. കൂടാതെ, ലോകകപ്പിൽ നെതർലൻഡ്സിനെ ഫൈനലിലും എത്തിച്ചു. ടൂർണമെന്‍റിൽ അഞ്ചു ഗോളുകളാണ് താരം നേടിയത്.

ആ വർഷം യുവേഫയുടെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരവും നേടി. എന്നാൽ, സീസണിൽ മെസ്സി ബാഴ്സലോണക്കൊപ്പം ലാ ലിഗ കിരീടം മാത്രമാണ് സ്വന്തമാക്കിയത്. ‘2024ൽ എത്തിയിരിക്കുന്നു. 14 വർഷങ്ങൾക്കിപ്പുറവും ജനം ഇക്കാര്യം സംസാരിക്കുന്നു. സ്നൈഡർ നിങ്ങള്‍ റോബ് ചെയ്യപ്പെട്ടു, മെസ്സി പുരസ്‌കാരം തട്ടിയെടുത്തു. വ്യക്തിഗത പുരസ്‌കാരങ്ങള്‍ നല്ലതാണ്. എന്നാല്‍ ഒരു ടീമിനൊപ്പം പുരസ്കാരം നേടുന്നത്, കിരീടം ഉയർത്തുന്നത്, ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതാണ് ഗോൾഡൻ ബാൾ പുരസ്കാരത്തേക്കാൾ എനിക്ക് ഏറ്റവും വിലപ്പെട്ടത്’ -സ്നൈഡർ പ്രതികരിച്ചു.

2010 ലോകകപ്പ് ഫൈനലില്‍ സ്പെയ്നിനോടാണ് ഡച്ചുകാർ തോറ്റത്. ബാലൺ ദ്യോർ മെസ്സി സ്വന്തമാക്കിയപ്പോള്‍ ഇനിയേസ്റ്റയും സാവിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. നാലാം സ്ഥാനം മാത്രമാണ് സ്‌നൈഡറിന് ലഭിച്ചത്. മെസ്സിയുടെ കരിയറിലെ രണ്ടാം ബാലൺ ദ്യോർ പുരസ്കാരമായിരുന്നു അത്. അതിനുശേഷം ആറ് തവണ കൂടി മെസ്സി പുരസ്കാരം നേടി.

Tags:    
News Summary - Wesley Sneijder responds to claims suggesting Lionel Messi ‘robbed’ him of 2010 Ballon d’Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.