ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ഷോക്ക്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വെസ്‍റ്റ്ഹാം ജയിച്ചുകയറിയത്. 11ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ ഹെഡർ ഗോളിലൂടെ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. പെഡ്രോ പോറോ എടുത്ത കോർണർ കിക്ക് റൊമേറോ വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ലീഡ് ഇരട്ടിപ്പിക്കാൻ ടോട്ടൻഹാമിന് മൂന്ന് അവസരങ്ങൾ തുടരെത്തുടരെ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇഞ്ചുറി ടൈമിൽ സെൽഫ് ഗോൾ വഴങ്ങുന്നതിൽനിന്ന് ഭാഗ്യത്തിനാണ് വെസ്റ്റ്ഹാം രക്ഷപ്പെട്ടത്. പന്ത് ക്ലിയർ ചെയ്യുന്നതിനിടെ ജൂമയുടെ കാലിൽ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
എന്നാൽ, 52ാം മിനിറ്റിൽ ജറോഡ് ബോവനിലൂടെ വെസ്റ്റ്ഹാം സമനില പിടിച്ചു. ഭാഗ്യത്തിന്റെ അടമ്പടിയിലായിരുന്നു ഗോൾ. മുഹമ്മദ് കുദുസ് പോസ്റ്റിലേക്കടിച്ച പന്ത് ടോട്ടൻഹാം പ്രതിരോധ താരങ്ങളായ റൊമേരൊയുടെയും ബെൻ ഡേവിസിന്റെയും കാലുകളിൽ തട്ടി മാർക്ക് ചെയ്യപ്പെടാതെ നിന്ന ജറോഡ് ബോവനിലെത്തുകയായിരുന്നു. താരം പിഴവില്ലാതെ പന്ത് പോസ്റ്റിനുള്ളിലാക്കി. 70ാം മിനിറ്റിൽ ടോട്ടൻഹാമിന് ലീഡ് നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും റിച്ചാർലിസന്റെ ഹെഡർ പോസ്റ്റിനോട് ചാരി പുറത്തുപോയി.
വെസ്റ്റ്ഹാമിന്റെ രണ്ടാം ഗോളിനും ഭാഗ്യത്തിന്റെ ടച്ചുണ്ടായിരുന്നു. 74ാം മിനിറ്റിൽ ടോട്ടൻഹാം താരം ഉഡോഗി നൽകിയ ദുർബല ബാക്ക് പാസ് ഓടിയെത്തിയ ഗോൾകീപ്പർ ആയാസപ്പെട്ട് കുത്തിയകറ്റിയെങ്കിലും പന്തെത്തിയത് ജെയിംസ് വാർഡ് പ്രൗസിന്റെ കാലിലായിരുന്നു. താരം ആദ്യമടിച്ച പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും വീണ്ടുമെത്തിയത് പ്രൗസിന്റെ കാലിലായിരുന്നു. ഇത്തവണ പിഴവില്ലാതെ വലയിൽ പന്തെത്തി. പിന്നീട് തിരിച്ചടിക്കാനുള്ള ടോട്ടൻഹാം നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
തുടക്കത്തിൽ പോയന്റ് പട്ടികയിൽ മുമ്പിലായിരുന്ന ടോട്ടൻഹാമിന്റെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ നാലാം തോൽവിയാണിത്. 15 മത്സരങ്ങളിൽ 27 പോയന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാമെങ്കിൽ 24 പോയന്റോടെ ഒമ്പതാമതാണ് വെസ്റ്റ്ഹാം.
മറ്റൊരു മത്സരത്തിൽ എവർട്ടൻ ന്യൂകാസിൽ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഡ്വൈറ്റ് മക്നൈൽ ആയിരുന്നു സ്കോറർ. ഏഴ് മിനിറ്റിനകം അബ്ദുല്ലായി ഡൂകൂറെ ലീഡ് ഇരട്ടിപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഗോമസ് ബെറ്റുൻകാൽ എവർട്ടന്റെ പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.