കൊച്ചി: എ.ടി.കെ മോഹൻ ബഗാൻ വിട്ട സൂപ്പർ സ്‌ട്രൈക്കർ റോയ് കൃഷ്ണയെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമമെന്ന് റിപ്പോർട്ട്. ക്ലബ് വിട്ട അൽവാരോ വാസ്‌കസിന് പകരമായാണ് ഫിജി സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 2.91 കോടി രൂപ വിപണിമൂല്യമുള്ള സെന്റർ ഫോർവേഡ് കഴിഞ്ഞ സീസണിൽ എ.ടി.കെ മോഹൻ ബഗാൻ താരമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് പുറമെ, ബംഗളൂരു എഫ്.സിയും ഈസ്റ്റ് ബംഗാളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്. ബ്ലാസ്റ്റേഴ്സ് റോയ് കൃഷ്ണയുടെ ഏജന്റുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.
2019-20 സീസണിൽ ന്യൂസിലൻഡിലെ വെല്ലിങ്ടൺ ഫീനിക്‌സിൽനിന്ന് ഐ.എസ്.എല്ലിലെത്തിയ റോയ് കൃഷ്ണ 21 മത്സരങ്ങളിൽ നിന്ന് 15 ഗോളും ആറ് അസിസ്റ്റും നേടി ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തൊട്ടടുത്ത സീസണിലും മികച്ച ഫോം തുടർന്ന താരം 23 മത്സരങ്ങളിൽനിന്ന് അടിച്ചുകൂട്ടിയത് 14 ഗോളായിരുന്നു. എട്ട് അസിസ്റ്റും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽനിന്ന് ഏഴ് ഗോളും നാല് അസിസ്റ്റുമായിരുന്നു സമ്പാദ്യം.
മുന്നേറ്റനിരയിലെ കുന്തമുനയായിരുന്ന റോയ് കൃഷ്ണയെ ടീമിൽ നിലനിർത്താൻ എ.ടി.കെ മോഹൻ ബഗാന് താൽപര്യമുണ്ടായിരുന്നെന്നും എന്നാൽ കരാറുമായി ബന്ധപ്പെട്ട് താരം മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാൻ തയാറാവാതിരുന്നതിനാൽ ക്ലബ് വിടുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. അടുത്ത സീസണിലേക്ക് നാല് മാസത്തെ കരാർ മാത്രമേ ഒപ്പിടൂവെന്ന താരത്തിന്റെ നിബന്ധനയാണ് ക്ലബിൽ നിന്ന് പുറത്തെത്തിച്ചതെന്നാണ് സൂചന.
കരുത്തുറ്റ മുന്നേറ്റനിരയായിരുന്നു കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. ഇതിൽ വാസ്‌കസ് ടീം വിട്ടു. അർജന്റൈൻ ക്ലബ് പ്ലാറ്റെന്‍സെയില്‍നിന്ന് ഒരു വർഷത്തെ കരാറിൽ ടീമിലെത്തിയ പെരേര ഡയസ് ടീമിലേക്ക് മടങ്ങി വരാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ശക്തനായ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിദേശ താരങ്ങളിൽ മാർകോ ലെസ്‌കോവിച്ചും അഡ്രിയൻ ലൂണയും മാത്രമാണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.