അവസാന മത്സരത്തിൽ ജയത്തോടെ ബാഴ്സയുടെ പരിശീലക വേഷം അഴിച്ച് സാവി

ലാലിഗയിലെ അവസാന മത്സരത്തിൽ ജയത്തോടെ ബാഴ്സലോണയുടെ പരിശീലക വേഷം അഴിച്ച് സാവി ഹെർണാണ്ടസ്. സെവിയ്യയെ 2-1നാണ് ബാഴ്സ വീഴ്ത്തിയത്. പതിനഞ്ചാം മിനിറ്റിൽ ജാവോ കാൻസലോ ഉയർത്തിനൽകിയ പാസ് വലയിലേക്ക് തിരിച്ചുവിട്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയിലൂടെയാണ് അവർ അക്കൗണ്ട് തുറന്നത്. 

എന്നാൽ, ഒപ്പത്തിനൊപ്പം പോരാടിയ സെവിയ്യ 31ാം മിനിറ്റിൽ യൂസുഫ് എൻ നസ്‍രിയിലൂടെ തിരിച്ചടിച്ചു. തുടർന്ന് ലീഡ് തിരിച്ചുപിടിക്കാൻ പെഡ്രിക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഒരുതവണ സെവിയ്യ ഗോൾകീപ്പറും പിന്നീട് ക്രോസ് ബാറും തടസ്സംനിന്നു. ഇടവേളക്ക് തൊട്ടുമുമ്പ് സെവിയ്യ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ ബാഴ്സ താരം കാൻസലോയുടെ ഷോട്ട് എതിർ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫിർമിൻ ലോപസിന്റെ ഷോട്ടും ഗോൾകീപ്പർ തടഞ്ഞിട്ടെങ്കിലും 59ാം മിനിറ്റിൽ ഗുണ്ടോഗന്റെ പാസിൽ താരം ലക്ഷ്യത്തിലെത്തി. തുടർന്ന് ലീഡ് വർധിപ്പിക്കാൻ ബാഴ്സയും തിരിച്ചടിക്കാൻ സെവിയ്യയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഇരുഗോൾകീപ്പർമാരും വഴങ്ങിയില്ല. ജയത്തോടെ 85 പോയന്റുമായി ലീഗിൽ രണ്ടാമതായാണ് ബാഴ്സലോണ ഫിനിഷ് ചെയ്തത്. 95 പോയന്റുമായി റയൽ മാഡ്രിഡാണ് ചാമ്പ്യന്മാരായത്.

ടീം മാനേജ്മെന്റുമായുള്ള ഉടക്കിനൊടുവിൽ കഴിഞ്ഞ ദിവസമാണ് സാവിയെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാൻ ബാഴ്സലോണ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരിയിൽതന്നെ സ്ഥാനം ഒഴിയുമെന്ന് ബാഴ്സയുടെ വിഖ്യാത താരം കൂടിയായ സാവി പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ടയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനം മാറ്റി ക്ലബിൽ തുടരാമെന്ന് അറിയിക്കുകയായിരുന്നു. 2025 ജൂൺ വരെ ബാഴ്സലോണക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് കൃത്യം ഒരു മാസത്തിന് ശേഷമായിരുന്നു പുറത്താക്കൽ.

ജർമനിയുടെയും ബയേൺ മ്യൂണികിന്റെയും മുൻ കോച്ച് ഹാൻസി ഫ്ലിക്കാണ് ബാഴ്സയുടെ പുതിയ പരിശീലകനായി എത്തുന്നത്. പുതിയ പരിശീലകന്റെ ബാഴ്സയിലെ ജോലി എളുപ്പമാകില്ലെന്ന് സാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - With the victory in the last match, Xavi took off the role of coach of Barca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.