ലോകകപ്പിൽ നാലു ടീമുകളടങ്ങിയ ഗ്രൂപ് തന്നെ; മൂന്നു ടീം ഗ്രൂപിൽനിന്ന് പിൻമാറി ഫിഫ

2026 ലോകകപ്പു മുതൽ ഗ്രൂപ് ഘട്ടത്തിലെ മത്സരക്രമം മാറ്റിയ നടപടി റദ്ദുചെയ്ത് ഫിഫ. മൂന്നു ടീമുകളടങ്ങിയ ഗ്രൂപ് എന്നത് മാറ്റി നാലു ടീമുകളുടെ ഗ്രൂപ് തന്നെയാകും ആദ്യ ഘട്ടത്തിൽ മത്സരിക്കുക. യു.എസ്, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പ​ങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കി ഉയർത്തിയിരുന്നു. ഗ്രൂപ് മത്സരങ്ങളുടെ എണ്ണം കൂടുന്നതോടെ മൊത്തം 80 കളികളെന്നത് 104 ആയി വർധിക്കും. ഒന്നാം ഘട്ടത്തിലെ ഓരോ ഗ്രൂപിൽനിന്നും മികച്ച രണ്ടു ടീമുകൾക്ക് പുറമെ പോയിന്റ് ശരാശരിയിൽ മുന്നിലുള്ള എട്ടു ടീമുകൾ കൂടി 32 ടീമുകളടങ്ങിയ നോക്കൗട്ട് കളിക്കും. എല്ലാ ടീമുകൾക്കും ഏറ്റവും ചുരുങ്ങിയത് മൂന്ന് കളികൾ ഇതുവഴി ഉറപ്പാക്കാമെന്നതാണ് സവിശേഷത. കിരീടം നേടാൻ പരമാവധി ഏഴു മത്സരമെന്നത് അടുത്ത ലോകകപ്പ് മുതൽ എട്ടായും ഉയരും.

റുവാൻഡയിൽ ചേർന്ന ഫിഫ കൗൺസിൽ യോഗമാണ് അന്തിമ തീരുമാനമെടുത്തത്. നാലു ടീമുകളടങ്ങിയ ഗ്രൂപ് വെട്ടിക്കുറച്ച് മൂന്നാക്കുക വഴി ലോകകപ്പിൽ ചില ടീമുകൾക്ക് രണ്ടു കളികൾ മാത്രമായി ചുരുങ്ങുമെന്ന് ആക്ഷേപമുയർന്നിരുന്നു. വർഷങ്ങളെടുത്ത് പരമാവധി ഒരുക്കങ്ങളുമായെത്തുന്ന ടീമുകൾ രണ്ടു കളി കഴിയുമ്പോഴേക്ക് മടങ്ങുന്നത് ശരിയല്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പുനരാലോചന. ഖത്തർ​ ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ചിലത് അത്യാവേശകരമായതും ചിലർ ചൂണ്ടിക്കാട്ടി.

പുരുഷ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32 ആക്കി ഉയർത്തിയ 1998 മുതൽ നാലു ടീമുകളടങ്ങിയ ഗ്രൂപായാണ് പ്രാഥമിക മത്സരങ്ങൾ. 2026 മേയ് 25 മുതൽ രാജ്യങ്ങൾക്കായി താരങ്ങളെ ക്ലബുകൾ വിട്ടുനൽകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ക്ലബ് തലത്തിൽ ലോകകപ്പിന് മുമ്പ് അവസാന മത്സരം മേയ് 24നാകണം. കോൺഫെഡറേഷൻ ക്ലബ് ടൂർണമെന്റിൽ 30 വരെ നീളാൻ അനുമതി നൽകിയിട്ടുണ്ട്. 2025 ജൂൺ മുതൽ ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ 32 ടീമുകൾ മാറ്റുരക്കുമെന്ന സവിശേഷതയുമുണ്ട്. യൂറോപിൽനിന്ന് 12 ടീമുകളുണ്ടാകും. 2021, 2022 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, റയൽ മഡ്രിഡ് ടീമുകൾ ഇതിനകം യോഗ്യത ലഭിച്ചവരാണ്.

Tags:    
News Summary - World Cup 2026: Fifa switches back to four-team group format

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.