റിയാദ്: ലോകകപ്പിന്റെ അസാധാരണമായ ഒരു പതിപ്പായിരിക്കും 2034ൽ ഞങ്ങൾ അവതരിപ്പിക്കുകയെന്ന് സൗദി അറേബ്യ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
48 ടീമുകളെ പങ്കെടുപ്പിക്കുന്ന ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ അത് ലോകത്തിന് ഒരു അസാധാരണ അനുഭവമാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്നും മന്ത്രിസഭ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഈ ലോകകപ്പ് പുതിയ ചരിത്രം കുറിക്കും. ഇതുവരെ ദർശിച്ചിട്ടുള്ളതിൽനിന്ന് വ്യത്യസ്തവും മികച്ചതും അനിതര സാധാരണവുമായിരിക്കും. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ അന്തിമ നാമനിർദേശ ഫയൽ ഫിഫ അധികൃതർക്ക് ചൊവ്വാഴ്ച പാരിസിൽവെച്ച് സമർപ്പിച്ചതിനെ മന്ത്രിസഭ ആശീർവദിച്ചു.
പൊതുതാൽപര്യത്തിനായി നീക്കം ചെയ്ത വഖഫ് റിയൽ എസ്റ്റേറ്റുകളുടെ ഫണ്ടുകൾ നിക്ഷേപിക്കാനുള്ള അധികാരം എൻഡോവ്മെൻറുകൾക്കായുള്ള ജനറൽ അതോറിറ്റിക്ക് മന്ത്രിസഭ അനുവദിച്ചു. റിയാദ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘അൽ ഫൗ’ സാംസ്കാരിക പുരാവസ്തുകേന്ദ്രം രാജ്യത്തെ എട്ടാമത്തേതായി ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ ഐക്യരാഷ്ട്രക്ക് കീഴിലുള്ള യുനെസ്കോയുടെ തീരുമാനത്തെ മന്ത്രിസഭ പ്രശംസിച്ചു.
മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള രണ്ടാമത് ബാഗ്ദാദ് അന്താരാഷ്ട്ര സേള്ളനത്തിന്റെ ഉള്ളടക്കങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.