ദോഹ: വലിയ സ്വപ്നങ്ങളിലേക്കുള്ള ജൈത്രയാത്രക്ക് കാർലോസ് ക്വിറോസും സംഘവും ഇന്നുമുതൽ തുടക്കം കുറിക്കുകയാണ്. 2026ൽ അമേരിക്ക, മെക്സികോ, കാനഡ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് കളിച്ച് മുന്നേറി യോഗ്യത നേടുക, ജനുവരി-ഫെബ്രുവരിയിൽ സ്വന്തം മണ്ണിലെ ഏഷ്യൻ കപ്പ് ഫുട്ബാളിന് നിലവിലെ ചാമ്പ്യന്മാർ എന്ന പകിട്ടുമായി ടീമിനെ ഒരുക്കുക എന്നീ ലക്ഷ്യങ്ങളിലേക്കാണ് ഇന്നത്തെ തുടക്കം.
2027 ഏഷ്യൻ-ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’യിൽ തങ്ങളുടെ ആദ്യ അങ്കത്തിൽ ഖത്തർ ഇന്ന് അഫ്ഗാനിസ്താനെയാണ് നേരിടുന്നത്. ഇന്ത്യയും കുവൈത്തും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് ഇടം നേടുന്നതിനൊപ്പം 2027 ഏഷ്യൻ കപ്പിനും ടിക്കറ്റുറപ്പിക്കും. റാങ്കിങ്ങിൽ മുൻനിരയിലുള്ള ഖത്തറിന് അനുകൂലമാണ് കാര്യങ്ങൾ. മികച്ച ടീം, മത്സര പരിചയം, താര സാന്നിധ്യം ഉൾപ്പെടെ ഗ്രൂപ്പിലെ കാറ്റ് ഖത്തറിന് അനുകൂലമാണ്. എന്നാൽ, വരാനിരിക്കുന്ന മത്സരങ്ങളിൽ ഏറ്റവും മികച്ച എതിരാളികൾ കാത്തിരിക്കുമ്പോൾ ഒന്നിലുമൊരു പരീക്ഷണത്തിന് കോച്ച് തയാറല്ല.
പരിചയ സമ്പത്തും യുവനിരയുമായി സമ്മിശ്രമായൊരു സംഘത്തെയാണ് കോച്ച് ക്വിറോസ് ആദ്യ രണ്ട് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാത്രി 6.45ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അഫ്ഗാനെ നേരിട്ട ശേഷം, നവംബർ 21ന് ഇന്ത്യയിലാണ് ടീമിന്റെ രണ്ടാം അങ്കം. ജാഗ്രതയോടെയാണ് ടീം ക്വാളിഫയർ പോരാട്ടങ്ങൾക്ക് ബൂട്ടുകെട്ടുന്നതെന്ന് കോച്ച് കാർലോസ് ക്വിറോസ് പറഞ്ഞു.
ഓരോ കളിയിലും മൂന്ന് പോയന്റാണ് ലക്ഷ്യം. അങ്ങനെ, വിജയങ്ങൾ തുടർന്ന് 2026 ലോകകപ്പിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ്. ടീം ലൈനപ്പിലെ 12ാമൻ എന്ന നിലയിൽ ആരാധകരുടെ പിന്തുണയും സുപ്രധാനമാണ്. ഓരോ വിജയത്തിലും അവരുടെ പങ്ക് നിർണായകമാണ് -അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞതു പോലെയല്ല ഇനിയുള്ള മത്സരങ്ങൾ. ക്വാളിഫയറിൽ ജയത്തോടെ തുടക്കം കുറിക്കുകയാണ് ലക്ഷ്യം. സൗഹൃദ മത്സരങ്ങളല്ല, ജയിക്കാനായാണ് ഇനിയുള്ള അങ്കങ്ങൾ.
ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ഏഷ്യൻ തലത്തിൽ ആരും നിസ്സാരക്കാരായ ടീമുകൾ അല്ല. മികച്ച പ്രകടനത്തോടെ മുന്നേറുകയാണ് ലക്ഷ്യം’ -പ്രതിരോധ താരം ഹുമാം അൽ അമിൻ വ്യക്തമാക്കുന്നു. ടീമിലെ കലാപക്കൊടികളെല്ലാം അടക്കി സ്വസ്ഥമായാണ് അഫ്ഗാൻ ഖത്തറിലെത്തുന്നത്. ഒന്നാം റൗണ്ടിൽ മത്സരിച്ച ടീമിൽ നിന്നും ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാവും 154ാം റാങ്കുകാരുടെ പടപ്പുറപ്പാട്. മുൻ ഇംഗ്ലീഷ് താരവും ഐ.എസ്.എൽ ക്ലബ് പരിശീലകനുമായിരുന്ന ആഷ്ലി വെസ്റ്റ് വുഡ് ആണ് അഫ്ഗാന്റെ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.