മസ്കത്ത്: പുതിയ കോച്ച് ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങി ഒമാൻ ഫുട്ബാൾ ടീം വ്യാഴാഴ്ച അങ്കത്തിനിറങ്ങും. ഫിഫ ലോകകപ്പ് 2026, എ.എഫ്.സി ഏഷ്യൻ കപ്പ് 2027 എന്നിവക്കുള്ള യോഗ്യത റൗണ്ടിലെ മൂന്നാം മത്സരം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. രാത്രി 10ന് നടക്കുന്ന മത്സരത്തിൽ മലേഷ്യയാണ് എതിരാളികൾ.
ലോകകപ്പ് യോഗ്യത ഗ്രൂപ് ഡിയിൽ ഒരു വിജയവും തോൽവിയുമടക്കം മൂന്ന് പോയന്റുമായി ഒമാൻ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളും വിജയിച്ച് ആറു പോയന്റുമായി മലേഷ്യ ഒന്നാമതാണ്. കിർഗിസ്താൻ, ചൈനീസ് തായ്പേയ് എന്നിവയാണ് ഗ്രൂപ്പിൽ വരുന്ന മറ്റ് രണ്ടു ടീമുകൾ.
പുതിയ കോച്ചിന് കീഴിൽ ഇറങ്ങുന്ന ടീം വിജയത്തിൽ കുറഞ്ഞാന്നും ചിന്തിക്കുന്നില്ല. ഇന്ന് മികച്ച വിജയം കാഴ്ചവെച്ച് കോച്ചിന് ഊഷ്മള വരവേൽപ്പ് നൽകുന്നതോടൊപ്പം ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനായിരിക്കും റെഡ്വാരിയേഴ്സ് ശ്രമിക്കുക.
യോഗ്യത മത്സരങ്ങൾ മുന്നിൽ കണ്ടുള്ള പരിശീലനക്യാമ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. താരങ്ങളുടെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ കോച്ച് സാങ്കേതികവും തന്ത്രപരവുമായ മേഖലകളിലാണ് പരിശീലനം നൽകിയത്.
റമദാൻ മാസമായതിനാൽ വൈകുന്നേരങ്ങളിലായിരുന്നു കൂടുതൽ പരിശീലന സെഷനുകൾ നടന്നത്. ടീമിനെ രണ്ടു ഗ്രൂപ്പായി തിരിച്ച് പരിശീലന മത്സരവും സംഘടിപ്പിച്ചു. ക്യാമ്പിൽ മിച്ച പ്രകടനം നടത്തിയവർ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം ചില യുവതാരങ്ങൾക്കും കോച്ച് അവസരം നൽകിയേക്കും. മലേഷ്യക്കെതിരെയുള്ള രണ്ടാം മത്സരം ചൊവ്വാഴ്ച ക്വാലാലംപൂരിൽ നടക്കും.
മസ്കത്ത്: ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിലേക്ക് കാണികളെ എത്തിക്കാൻ ആകർഷക സമ്മാനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഫുട്ബാൾ അസോസിയേഷൻ.
നറുക്കെടുടുപ്പിലൂടെ ആറു കാറുകളാണ് കാണികൾക്ക് നൽകുകയെന്ന് അധികൃതർ അറിയിച്ചു. ഹോം ഗ്രൗണ്ടിലേക്ക് കാണികളെ എത്തിച്ച് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ടീമിനുള്ള ഒമാനി ആരാധകരുടെ വലിയ പിന്തുണക്ക് ഒ.എഫ്.എ ചെയർമാൻ ശൈഖ് സലിം അൽ വഹൈബി നന്ദി അറിയിച്ചു. ടീമിന്റെ വിജയത്തിന് ആരാധകരുടെ പിന്തുണ അവിഭാജ്യഘടകമായാണ് കണക്കാക്കുന്നത്. ആരാധകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ദേശീയ ടീം മത്സരങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ നിർണായക ഘട്ടത്തിൽ ടീമിനെ പിന്തുണക്കേണ്ടത് വളരെ പ്രധാനമാണ്. മികച്ച പ്രകടനങ്ങൾ നടത്താൻ താരങ്ങളും ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.