യൂറോപ്പിൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട്, ബെൽജിയം, ജർമനി ടീമുകൾ ജയിച്ചുകയറിയപ്പോൾ സ്പെയിനിനെ സ്വീഡൻ അട്ടിമറിച്ചു. അതേസമയം യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ ബൾഗേറിയ 1-1ന് സമനിലയിൽ തളച്ചു.
സ്റ്റോക്ഹോമിൽ നടന്ന മത്സരത്തിൽ സ്വീഡൻ 2-1നാണ് സ്പെയിനിനെ കെട്ടുകെട്ടിച്ചത്. അലക്സാണ്ടർ ഇസാകും (5') വിക്ടർ ക്ലാസണുമാണ് (57') സ്വീഡിഷ് പടക്കായി വെടിപൊട്ടിച്ചത്. കാർലോസ് സോലർ (4') സ്പെയിനിന്റെ ആശ്വാസ ഗോൾ നേടി.
ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് സ്വീഡൻ പട്ടികയിൽ ഒന്നാമതെത്തി. ഒരു മത്സരം കൂടുതൽ കളിച്ച സ്പെയിനിന് ഏഴ് പോയിന്‍റാണുള്ളത്. ഗ്രൂപ്പ് ജേതാക്കളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടാം സ്ഥാനക്കാർ പ്ലേഓഫ് കളിച്ച് വേണം ഖത്തറിലേക്ക് ടിക്കറ്റെടുക്കാൻ.
യൂറോപ്യൻ േജതാക്കളായ ഇറ്റലി അവരുടെ അപരാജിത കുതിപ്പ് 35 മത്സരമാക്കി ഉയർത്തി. 16ാം മിനിറ്റിൽ ഫെഡറികോ ചിസെ അസൂറികൾക്ക് ലീഡ് നലകിയെങ്കിലും 39ാം മിനിറ്റിൽ അറ്റ്ലാൻസ് ഇലീവ് ബൾഗേറിയയെ ഒപ്പമെത്തിച്ചു.
ഒരുമത്സരം പോലും തോൽക്കാതെയാണ് ഇറ്റലി ഈ വർഷം നടന്ന യൂറോ കപ്പിൽ മുത്തമിടത്. കരുത്തരായ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിലാണ് റോബർട്ടോ മാൻസീനിയുടെ ചുണക്കുട്ടികൾ തോൽപിച്ചത്. ഗ്രൂപ് സിയിൽ നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്‍റുമായി ഇറ്റലിയാണ് ഒന്നാമത്. കളിച്ച രണ്ടും വിജയിച്ച സ്വിറ്റ്സർലൻഡ് ഇറ്റലിക്ക് വെല്ലുവിളിയുമായി രണ്ടാമതുണ്ട്.
2018 സെപ്റ്റംബർ 10നാണ് ഇറ്റലി അവസാനമായി തോൽവി വഴങ്ങിയത്. യുവേഫ നേഷൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പോർചുഗലിനെതിരെയായിരുന്നു തോൽവി.
ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഹംഗേറിയൻ കാണികളുടെ വംശീയാധിക്ഷേപങ്ങൾക്ക് മീതെയായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ഇംഗ്ലീഷ് താരങ്ങളായ റഹീം സ്റ്റിർലിങ്ങിനെയും ജൂഡ് ബെല്ലിങ്ഹാമിനെയും കാണികൾ വംശീയാധിക്ഷേപത്തിന് വിധേയമാക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോകപ്പ് ഫൈനൽ തോൽവിയുടെ നിരാശ മറക്കുന്ന തരത്തിൽ 4-0ത്തിനാണ് ഇംഗ്ലണ്ട് ഹംഗറിയെ തകർത്തത്.
രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും റഹീം സ്റ്റിർലിങ് (55),ഹാരി കെയ്ൻ (63), ഹാരി മൈഗ്വർ (69), ഡെക്ലാൻ റൈസ് (87) എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഗ്രൂപ്പി 'ഐ'യിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് 4-1ന് അൽബേനിയയെ തോൽപിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. ഏഴ് പോയിന്‍റുമായി പോളണ്ട് രണ്ടാമതാണ്.
യോക്വിം ലോയ്വിന് ശേഷം ജർമനിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഹാൻസി ഫ്ലിക്കിന് ജയത്തോടെ തുടങ്ങാനായി. ലിക്സറ്റൻസ്റ്റൈനെതിരെ 2-0ത്തിനായിരുന്നു ജർമൻ വിജയം. തിമോ വെർണറും (41) ലിറോയ് സാനെയുമാണ് (77) ഗോൾ നേടിയത്. ഗ്രൂപ്പ് ജെയിലെ മറ്റ് മത്സരങ്ങളിൽ റൊമേനിയ 2-0ത്തിന് ഐസ്ലൻഡിനെ തോൽപിച്ചു.
നോർത്ത് മാസിഡോണിയയും അർമേനിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി അർമേനിയയാണ് ഒന്നാമത്. ഒമ്പത് പോയിൻറുമായി ജർമനി രണ്ടാമതാണ്. ഞായറാഴ്ചയാണ് ജർമനി-അർമേനിയ മത്സരം.
ഗ്രൂപ്പ് 'ഇ'യിൽ റൊമേലു ലുകാക്കുവിന്‍റെ ഇരട്ടഗോൾ മികവിൽ ബെൽജിയം 5-2ന് എസ്റ്റോണിയയെ തോൽപിച്ചു. ഹാൻസ് വനകേൻ, അക്സൽ വിസൽ, തോമസ് ഫോകറ്റ് എന്നിവരാണ് ബെൽജിയത്തിന്‍റെ മറ്റ് സ്കോറർമാർ. മാറ്റിയാസ് കെയ്റ്റും എറിക് സോർഗയും എസ്റ്റോണിയക്കായി ലക്ഷ്യം കണ്ടു. ഗ്രൂപ് 'ഇ'യിലെ മറ്റൊരു മത്സരത്തിൽ ചെക്ക് റിപബ്ലിക് ബെലാറൂസിനെ 1-0ത്തിന് തോൽപിച്ചു. നാല് കളികളിൽ നിന്ന് 10 പോയിന്‍റുമായി ബെൽജിയമാണ് ഗ്രൂപ്പ് തലപ്പത്ത്. ഏഴ് പോയിന്‍റുമായി ചെക്ക് റിപബ്ലിക്ക് രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.