ദോഹ: ഏഷ്യൻ കപ്പിലെ കിരീട നേട്ടത്തോടെ 40 ദിവസം മുമ്പ് നിർത്തിയേടത്തുനിന്ന് തുടങ്ങി ഖത്തറിന്റെ ജൈത്രയാത്ര. ലോകകപ്പ് 2026 -ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഗൾഫ് കരുത്തരായ കുവൈത്തിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് ഖത്തറിന്റെ കുതിപ്പ്.
വ്യാഴാഴ്ച രാത്രി ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകളും പിറന്നത്. ഏഷ്യൻ കപ്പിൽ രാജ്യത്തിന്റെ വിജയ ശിൽപിയായ അക്രം അഫീസ് ഇരട്ട ഗോളുകളുമായി ഇത്തവണയും താരമായി. കളിയുടെ 47, 68 മിനിറ്റുകളിലായിരുന്നു അഫീസ് വലകുലുക്കിയത്.
ഖത്തറിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുകൊണ്ട് ഒന്നാം പകുതി ഗോൾരഹിതമാക്കുന്നതിൽ കുവൈത്ത് വിജയിച്ചെങ്കിൽ രണ്ടാം പകുതിയിൽ കളി മാറി. ഖത്തറിന്റെ വിങ്ങിൽ നിന്നും മുഹമ്മദ് വാദ് തൊടുത്ത ലോങ് ബാൾ ക്ലിയർ ചെയ്യാൻ മറന്ന കുവൈത്ത് പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു അക്രം ആദ്യ ഗോൾ നേടിയത്.
51ാം മിനിറ്റിൽ 19കാരൻ അഹമ്മദ് ഹുസാം അൽ റാവി രണ്ടാം ഗോൾ നേടി. അക്രം അഫീഫ് നൽകിയ ക്രോസ് ആദ്യ ടച്ചിൽ അൽ റാവി പോസ്റ്റിലേക്ക് പായിച്ചെങ്കിലും കുവൈത്ത് ഗോളിയുടെ ഡൈവിൽ തട്ടി റീബൗണ്ട് ചെയ്തപ്പോൾ, അതേ വേഗത്തിൽ അൽ റാവി വീണ്ടും പറത്തിയപ്പോൾ വലകുലുങ്ങി. 68ാം മിനിറ്റിലായിരുന്നു അഫീഫ് മൂന്നാം ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.