മസ്കത്ത്: പുതിയ കോച്ച് ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങി ഒമാൻ ഫുട്ബാൾ ടീം. 2026 ലോകകപ്പ് യോഗ്യത, ഏഷ്യൻ കപ്പ് 2027 എന്നിവക്കുള്ള യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായുള്ള ടീമിന്റെ പരിശീലനത്തിന് ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. പുതിയ കോച്ച് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരം മാർച്ച് 21 ന് മസ്കത്തിൽ മലേഷ്യക്കെതിരെ നടക്കും. രണ്ടാം മത്സരം മലേഷ്യക്കെതിരെ 26ന് ക്വാലാലംപൂരിലും അരങ്ങേറും. ഖാബൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ പ്രധാന താരങ്ങളെല്ലാം കഴിഞ്ഞ ചൊവ്വാഴ്ചയോടെതന്നെ എത്തിയിരുന്നു. അൽ നഹ്ദയുടെ ഗോളി ഇബ്രാഹിം അൽ മുഖൈനി വ്യാഴാഴ്ചയും അബ്ദുല്ല ഫവാസും വെള്ളിയാഴ്ചയുമാണ് ക്യാമ്പിൽ ചേർന്നത്. യോഗ്യതക്ക് മുന്നോടിയായുള്ള ക്യാമ്പിൽ എല്ലാവരും ആത്മാർഥമായി പരിശീലനത്തിൽ ഏർപ്പെടണമെന്ന് 62കാരനായ കോച്ച് താരങ്ങളോട് ആവശ്യപ്പെട്ടു. റമദാൻ മാസമായതിനാൽ വൈകുന്നേരങ്ങളിലാണ് കൂടുതൽ പരിശീലന സെഷനുകൾ നടക്കുന്നത്.
കളിക്കാരുടെ ഫിറ്റ്നസ് ലെവൽ ഉയർത്തുന്നതിനുള്ള ചില ശാരീരിക വ്യായാമങ്ങളാണ് ആദ്യദിനങ്ങളിൽ നടന്നത്. അസിസ്റ്റന്റ് കോച്ചുമാരായ ചിത്രി ജിരി, അലി അൽ ഖാൻബാഷി, വെംഗ്ലാറിക് പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതികവും തന്ത്രപരവുമായ പരിശീലനങ്ങളും നൽകി. ടീമിനെ രണ്ട് ഗ്രൂപ്പായി തിരിച്ച് പരിശീലന മത്സരവും സംഘടിപ്പിക്കും. ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ഡിയിൽ ഒരു വിജയവും തോൽവിയുമടക്കം മൂന്ന് പോയിന്റുമായി ഒമാൻ രണ്ടാം സ്ഥാനത്താണുള്ളത്. രണ്ട് കളികളും വിജയിച്ച് ആറുപോയന്റുമായി മലേഷ്യ ഒന്നാമതാണുള്ളത്. കിർഗിസ്ഥാൻ, ചൈനീസ് തായ്പേയ് എന്നിവയാണ് ഗ്രൂപ്പിൽ വരുന്ന മറ്റ് രണ്ട് ടീമുകൾ.
ഒമാൻ സ്ക്വാഡ്: ഇബ്രാഹിം അൽ മുഖൈനി, ഫയീസ് അൽ റുഷൈദി, അഹമ്മദ് അൽ റവാഹി, അഹമ്മദ് അൽ ഖമീസി, ഫഹ്മി ദൂർബീൻ, മുഹമ്മദ് അൽ മുസല്ലമി, ഗാനിം അൽ ഹബ്ഷി, ഖാലിദ് അൽ ഗത്ത്റഫി, ഹസൻ അൽ അജ്മി, അലി അൽ ബുസസൈദി, അഹമ്മദ് അൽ കഅബി, അബ്ദുൽ അസീസ് അൽ ഷമൂസി, ഹാരിബ് അൽ സാദി, ഹാതിം അൽ റോഷ്ദി, അബ്ദുല്ല ഫവാസ്, സലാഹ് അൽ യഹ്യീ, ഒമർ അൽ മാൽകി, സഹെർ അൽ അഗ്ബാരി, അർഷാദ് അൽ അലവി, ജമീൽ അൽ യഹ്മാദി, അബ്ദുൽറഹ്മാൻ അൽ മുഷൈഫ്രി, മുസാബ് അൽ മമാരി, മുഹ്സിൻ അൽ ഗസാനി, മുഹമ്മദ് അൽ ഗഫ്രി, അബ്ദുൽ അസീസ് അൽ മഖ്ബാലി, ഇസാം അൽ സുബ്ഹി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.