ബാഴ്സലോണ: സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ ബാഴ്സലോണയുടെ പരിശീലകനായി സാവി ഹെർണാണ്ടസ് തുടരും. സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന സാവി, കരാർ കാലാവധി പൂർത്തിയാകുന്ന 2025 ജൂൺ വരെയെങ്കിലും കോച്ചായി തുടരാൻ സമ്മതിച്ചതായി ക്ലബ് വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ടയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മനംമാറ്റം.
ക്ലബിന് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ജനുവരിയിലാണ് ബാഴ്സ വിടുമെന്ന് 44കാരൻ പ്രഖ്യാപിച്ചത്. വിയ്യാറയലിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെയായിരുന്നു ബാഴ്സയുടെയും സ്പെയിനിന്റെയും മുൻ താരം കൂടിയായ സാവി തീരുമാനം അറിയിച്ചത്.
2021 നവംബറിലാണ് ഖത്തറിലെ അൽ സദ്ദ് ക്ലബിന്റെ പരിശീക സ്ഥാനത്തുനിന്ന് സാവി ബാഴ്സയിലെത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ ലാ ലിഗ ചാമ്പ്യന്മാരാക്കിയെങ്കിലും ഈ സീസണിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാമതാണ്. ആറ് മത്സരങ്ങൾ ശേഷിക്കെ 11 പോയന്റ് പിറകിലാണ് കറ്റാലന്മാർ. കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പി.എസ്.ജിയോട് തോറ്റ് സെമി കാണാതെ പുറത്താവുകയും ചെയ്തു.
1998 മുതൽ 2015 വരെ ബാഴ്സലോണ താരമായിരുന്ന സാവി 767 മത്സരങ്ങളിലാണ് ടീം ജഴ്സി അണിഞ്ഞത്. 85 ഗോളുകളും താരം ടീമിനായി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.