മയാമി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി അമേരിക്കയിൽ കളിക്കാനെത്തിയതുമുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇന്റർ മയാമിയെ ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ച 36കാരൻ, ടീമിനെ യു.എസ്. ഓപൺ കപ്പ് ഫൈനലിലെത്തിച്ചും തന്റെ കളിമികവിന് അടിവരയിട്ടിരിക്കുന്നു. കരിയറിന്റെ അസ്തമയ വേളയിലും കത്തിനിൽക്കുന്ന മെസ്സിയുടെ അനിതരസാധാരണമായ പ്രതിഭാശേഷി ലോകം ചർച്ചചെയ്യുമ്പോൾ ഒപ്പമുള്ള മറ്റൊരാൾക്ക് നേരെയും സ്പോട്ട് ലൈറ്റുകളുടെ വെളിച്ചം വീശുകയാണ്.
മെസ്സിയുടെ പദചലനങ്ങളും ഗോൾനേട്ടവുമൊക്കെ കേന്ദ്രബിന്ദുവായ ‘കഥ’യിൽ യാസീൻ ചുയെകോ എന്ന പട്ടാളക്കാരനാണ് ആ കഥാപാത്രം. യാസീന് ഫുട്ബാളുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആയോധനകലകളിൽ അഗ്രഗണ്യൻ. മിക്സഡ് മാർഷ്യൽ ആർട്സിൽ (എം.എം.എ) പുലിയായ യാസീൻ തായ്ക്വാൺഡോ, ബോക്സിങ് എന്നിവയിൽ മിടുമിടുക്കനാണ്.
മെസ്സിയെന്ന സൂപ്പർതാരത്തിന് സുരക്ഷാ കവചമൊരുക്കാൻ ഇന്റർ മയാമി ക്ലബിന്റെ സഹ ഉടമ കൂടിയായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം പ്രത്യേകം കണ്ടെടുത്തതാണ് യാസീനെ. മെസ്സിയുടെ മയാമിയിലെ സെക്യൂരിറ്റി ഗാർഡ്. ഇപ്പോൾ മെസ്സിയുടെ ചിത്രങ്ങളിൽ യാസീൻ ചുയെകോയുടെ സാന്നിധ്യം സർവസാധാരണമായിക്കഴിഞ്ഞു. ആരാണിയാൾ? എന്ന ചോദ്യത്തിനുത്തരം ഫുട്ബാൾ ലോകം തേടിത്തുടങ്ങിയതോടെയാണ് യാസീനും വാർത്തകളിൽ നിറയുന്നത്.
മുൻ യു.എസ് പട്ടാളക്കാരനായ ചുയെകോ ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്കൻ പട്ടാളത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.15 ലക്ഷം ഫോളോവർമാരുള്ള അദ്ദേഹം, തന്റെ ബോക്സിങ്, മാർഷ്യൽ ആർട്സ് മികവ് തെളിയിക്കുന്ന വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. എം.എം.എ ഫൈറ്റുകളിലും ചുയെകോ പങ്കെടുക്കുന്നു.
മെസ്സിയെ തൊടാനും ഓട്ടോഗ്രാഫിനുമൊക്കെയായി ആരാധകർ മത്സരത്തിനിടെ കളത്തിലിറങ്ങുന്നത് ഉൾപ്പെടെയുള്ള സമീപകാല സംഭവ വികാസങ്ങൾ മുൻനിർത്തിയാണ് ഇന്റർ മയാമി തങ്ങളുടെ സൂപ്പർ താരത്തിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
സിൻസിനാറ്റിക്കെതിരായ യു.എസ് ഓപൺ കപ്പ് സെമിഫൈനലിൽ ഇന്റർ മയാമി കളിക്കുന്ന സമയം മുഴവൻ ടച്ച്ലൈനിൽ മെസ്സിക്ക് കവചമൊരുക്കി യാസീൻ ഉണ്ടായിരുന്നു. ടീം ബസിൽനിന്നിറങ്ങി മെസ്സി സ്റ്റേഡിയത്തിലേക്ക് പോകുന്ന സമയത്തും ചുയോകെ ഒപ്പം നടക്കുന്ന വിഡിയോ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.