ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് പോർച്ചുഗീസ് സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 600 ദശലക്ഷം ആളുകളാണ് താരത്തെ പിന്തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിക്ക് 483 ദശലക്ഷം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ ചൊല്ലി ഇരുവരുടെയും മുൻ സഹതാരമായ സെർജിയോ റാമോസിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സൗദി അൽ നസ്ർ താരമായ റൊണാൾഡോ.
പി.എസ്.ജിയിൽ ലയണൽ മെസ്സിയുടെയും റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോയുടെയും സഹതാരമായിരുന്ന റാമോസ് 60 ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞപ്പോൾ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ക്രിസ്റ്റ്യാനോയുടെ ‘പരിഹാസ’ത്തിന് ഇടയാക്കിയത്. ‘നമ്മൾ തുടങ്ങിയത് 2014ലാണ്. അസാധ്യമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോൾ 60 ദശലക്ഷത്തിന്റെ കരുത്തുണ്ട്’ എന്നായിരുന്നു റാമോസിന്റെ പോസ്റ്റ്. എന്നാൽ, ‘എനിക്കൊപ്പമെത്താൻ നിനക്ക് മറ്റൊരു പൂജ്യം കൂടി വേണം’ എന്നായിരുന്നു ചിരിക്കുന്നതും കരയുന്നതുമായ ഇമോജികളടക്കമുള്ള ക്രിസ്റ്റ്യാനോയുടെ ട്രോൾ. ‘അധികം ആത്മവിശ്വാസം വേണ്ട ക്രിസ്. തിരിച്ചുവരവിലെ സ്പെഷലിസ്റ്റാണ്. 93 മിനിറ്റും അതിലധികവുമുണ്ട്’, എന്നായിരുന്നു റാമോസിന്റെ തമാശ രൂപത്തിലുള്ള മറുപടി.
പാരിസ് സെന്റ് ജെർമെയ്നിന്റെ താരമായിരുന്ന റാമോസ് കരാർ കാലാവധി കഴിഞ്ഞതോടെ ഇപ്പോൾ ഫ്രീ ഏജന്റാണ്. അദ്ദേഹം ക്രിസ്റ്റ്യാനോക്കൊപ്പം ചേരാൻ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുമെന്നും മെസ്സിക്കൊപ്പം അമേരിക്കൻ മേജർ ലീഗിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താരം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.