പാരിസ്: ഒളിമ്പിക്സ് ബോക്സിങ്ങിൽ 46 സെക്കൻഡിൽ എതിരാളിയെ ഇടിച്ചിട്ട താരത്തെ ചുറ്റിപ്പറ്റി ജെൻഡർ വിവാദം. വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരമാണ് ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിന് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തുകയായിരുന്നു.
മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല. ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്.
ലിംഗ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് തൊട്ടുമുമ്പായി താരത്തെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്‌വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിക്കുകയായിരുന്നു.
ഇമാനെക്കെതിരെ സൈബർ ആക്രമണം വ്യാപകമായതോടെ ഒളിമ്പിക്സ് അസോസിയേഷൻ ന്യായീകരണവുമായി രംഗത്തെത്തി. ‘വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങള്‍ പാലിക്കുന്നവരാണ്. അവരുടെ പാസ്‌പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്’ -ഐ.ഒ.സി വക്‌താവ് മാർക് ആഡംസ് പറഞ്ഞു. തങ്ങളുടെ പ്രധാന താരം ഇമാനെ ഖലിഫിനെതിരെ ചില വിദേശമാധ്യമങ്ങള്‍ വിദ്വേഷമുളവാക്കുന്നതും അധാര്‍മികവുമായ ആക്രമണമാണ് നടത്തുന്നതെന്ന് അള്‍ജീരിയ ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.
അതേസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയും പ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിങ്ങും അടക്കമുള്ളവർ ഒളിമ്പിക്സ് അധികൃതർക്കെതിരെ രംഗത്തുവന്നു. നിങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ഒരു പുരുഷന്‍ സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് അടിക്കുന്നതില്‍ കുഴപ്പമില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് റൗളിങ് ആവശ്യപ്പെട്ടു.
‘മത്സരാര്‍ഥിക്ക് പുരുഷ ജനിതക സ്വഭാവങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവരെ സ്ത്രീകളുടെ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തരുത്. നിങ്ങളോട് വിവേചനം കാണിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് തുല്യ നിബന്ധനകളില്‍ മത്സരിക്കാനുള്ള വനിത അത്‌ലറ്റുകളുടെ അവകാശം സംരക്ഷിക്കാനാണ്’ -എന്നിങ്ങനെയായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രതികരണം.
അൾജീരിയൻ തെരുവിൽ ബ്രഡ് വിറ്റ് നടന്നിരുന്ന ഇമാനെ ഒരു കോച്ചിന്റെ ശ്രദ്ധയിൽ പെടുകയും ബോക്സിങ് റിങ്ങിലേക്ക് പിടിച്ചുകയറ്റുകയുമായിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ പെൺകുട്ടിയായ ഇമാനെയുടെ ബാല്യകാല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.