ബലാലി (ഹരിയാന): ഒളിമ്പിക്സ് വനിത ഗുസ്തി മെഡൽ പോരാട്ടത്തിൽ നിന്ന് അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വപ്നതുല്യമായ സ്വീകരണമൊരുക്കി ജന്മനാടായ ബലാലി. ശനിയാഴ്ച രാവിലെ പാരിസിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ താരത്തെ ഡൽഹിയിൽ നിന്ന് റോഡു മാർഗം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഹരിയാനയിലേക്ക് ആനയിച്ചത്. വഴിയിലുടനീളം വിനേഷിന് അഭിവാദ്യമർപ്പിക്കാൻ ആളുകളുണ്ടായിരുന്നു. 12 മണിക്കൂർ യാത്രക്കൊടുവിൽ അർധരാത്രിക്ക് ശേഷമാണ് വിനേഷ് ബലാലിയിലെത്തിയത്. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ താരത്തെ വരവേൽക്കാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു. നാട്ടുകാർ വിനേഷിന് സ്വർണ മെഡലും സമ്മാനത്തുകയും നൽകി. ഇവിടെ 750 കിലോഗ്രാം ലഡു വിതരണം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പാട്ടും നൃത്തവുമായി അരങ്ങുതകർത്ത പരിപാടികൾ വെളുപ്പിനാണ് സമാപിച്ചത്.
ജന്മനാടിന്റെ സ്നേഹത്തിന് വിനേഷ് ഹൃദയത്തിൽത്തൊട്ട് നന്ദി അറിയിച്ചു. ‘‘ഇത്രയും സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ അർഹയാണോ എന്ന് എനിക്കറിയില്ല. ഇതുപോലൊരു സ്ഥലത്ത് ജനിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ഗ്രാമത്തിലെ സഹോദരിമാരെ ഗുസ്തി പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലൂടെ അവർക്ക് എന്റെ സ്ഥാനം നേടാനും രാജ്യത്തിന് അഭിമാനിക്കാനും കഴിയും. നിങ്ങൾ എന്റെ സഹോദരിമാരെ പിന്തുണക്കുകയും അവർക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നോടൊപ്പം നിന്നതിന് നിങ്ങളോടെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയംഗമമായ നന്ദി’’-താരത്തിന്റെ വാക്കുകൾ.
ഗുസ്തി 50 കിലോഗ്രാം ഫൈനൽ ദിവസമാണ് വിനേഷിനെ അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരം അധികമാണെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന്, വെള്ളി മെഡൽ പങ്കിടാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വിനേഷ്, രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകി. മൂന്നു തവണ മാറ്റിവെച്ച ശേഷം അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.