ബുഡാപെസ്റ്റ്: 45ാമത് ചെസ് ഒളിമ്പ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ. 11ാം റൗണ്ടിൽ സ്ലോവേനിയക്കെതിരെ ഡി.ഗുകേഷും അർജുൻ എരിമെയ്സിയും ആർ. പ്രഗ്നാനന്ദയും ജയിച്ചതോടെയാണ് ഇന്ത്യൻ പുരുഷന്മാർ സ്വർണമുറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ഓപൺ വിഭാഗത്തിൽ ഇന്ത്യ ജേതാക്കളാകുന്നത്. വ്ലാദിമിർ ഫെഡോസീവിനെയാണ് ഗുകേഷ് തോൽപിച്ചത്.
യാൻ സുബൽജിക്കെതിരെയായിരുന്നു അർജുന്റെ ജയം. ആന്റൺ ഡെംചെങ്കോയെയാണ് പ്രഗ്നാനന്ദ മറികടന്നത്. 11 മത്സരങ്ങളിൽ 22 പോയന്റുമായാണ് ഇന്ത്യ കുതിച്ചത്. ഉസ്ബകിസ്താനെതിരെ സമനിലയിലൂടെ ഒരു പോയന്റ് മാത്രമാണ് ടൂർണമെന്റിൽ ഇന്ത്യക്ക് ആകെ നഷ്ടമായത്. കഴിഞ്ഞ ദിവസം യു.എസ്.എയെ കീഴടക്കിയ സ്വർണം ഏറക്കുറെ ഉറപ്പിച്ചിരുന്നു. യു.എസ്.എക്കെതിരായ മത്സരത്തോടെ ഇന്ത്യക്ക് 19 പോയന്റുണ്ടായിരുന്നു. ചൈനക്ക് 17ഉം. അവസാന റൗണ്ടിൽ തോറ്റാലും ചൈനക്ക് വിദൂര സാധ്യത മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ദുർബലരായ എതിരാളികൾക്കെതിരെ തകർപ്പൻ ജയമാണ് ഇന്ത്യൻ പുരുഷന്മാർ സ്വന്തമാക്കിയത്.
ഡി.ഗുകേഷ്, അർജുൻ എരിഗെയ്സി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജ്റാത്തി എന്നിവരാണ് ഇന്ത്യക്കായി കളിച്ചത്. പി. ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ എന്നിവരും ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു. ശ്രീനാഥായിരുന്നു ക്യാപ്റ്റൻ.
വനിതകളിൽ അവസാന റൗണ്ടിൽ അസർബൈജാനെ 3.5-0.5നാണ് ഇന്ത്യൻ വനിതകൾ തോൽപിച്ചത്. ഡി. ഹരിക, ആർ. വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, ടാനിയ സച്ദേവ് എന്നിവരടങ്ങിയതാണ് വനിത ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.