സിറ്റിയെ തളച്ച് ഇന്റർ മിലാൻ; പി.എസ്.ജിക്കും ഡോട്ട്മുണ്ടിനും ജയം

മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പോരിനിറങ്ങിയ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്റർ മിലാൻ. 2023ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏകപക്ഷീയമായ ഒറ്റ ഗോളിൽ തങ്ങളെ കീഴടക്കിയ സിറ്റിയെ ഇത്തവണ മിലാൻ വരിഞ്ഞുമുറുക്കുകയായിരുന്നു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ കളിയിൽ മേധാവിത്തം ആതിഥേയർക്കായിരുന്നെങ്കിലും പന്ത് ഗോൾവര കടക്കാൻ ഇന്റർ പ്രതിരോധവും ഗോൾകീപ്പറും അനുവദിച്ചില്ല. ഇടക്ക് മികച്ച പ്രത്യാക്രമണങ്ങളുമായി മുന്നേറിയ ഇന്റർ പലപ്പോഴും എതിർഗോൾമുഖത്ത് ഭീതി വിതക്കുകയും ചെയ്തു. ഇതിനിടെ രണ്ടാം പകുതിയിൽ സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ പരിക്കേറ്റ് മടങ്ങിയതും സിറ്റിക്ക് തിരിച്ചടിയായി. താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണോയെന്ന് വ്യക്തമായിട്ടില്ല.

സിറ്റിക്കായി തന്റെ നൂറാം ഗോൾ തേടിയിറങ്ങിയ സൂപ്പർ താരം എർലിങ് ഹാലണ്ടിന് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഡിബ്രൂയിന് പകരക്കാരനായി രണ്ടാം പകുതിയിലെത്തിയ ഫിൽ ഫോഡന്റെയും ജോസ്കോ ഗ്വാർഡിയോളിന്റെയുമെല്ലാം ഗോൾശ്രമങ്ങൾക്ക് ഇന്റർ ഗോൾകീപ്പർ യാൻ സോമർ തടസ്സം നിൽക്കുകയും ചെയ്തു. ഗുണ്ടോഗന്റെ രണ്ട് ഹെഡറുകളും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം, ഇന്ററും മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടു. 

അതേസമയം, ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ക്ലബ് ജിറോണയെ കീഴടക്കി. ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ ജിറോണ താരം പോളോ ഗസ്സാനിഗ സ്വന്തം വലയിൽ പന്തെത്തിച്ചതാണ് പി.എസ്.ജിക്ക് തുണയായത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ പി.എസ്.ജി 26 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

മറ്റൊരു മത്സരത്തിൽ ജർമൻകാരായ ബൊറൂസ്യ ഡോട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗിനെ കീഴടക്കി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിലാണ് മൂന്ന് ഗോളും പിറന്നത്. ഡോട്ട്മുണ്ടിനായി ജാമി ബൈനോ ഗിറ്റൻസ് ഇരട്ടഗോൾ നേടിയപ്പോൾ (76, 86 മിനിറ്റുകൾ), ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സെർഹു ഗ്വിരാസി പട്ടിക തികച്ചു. മറ്റൊരു പോരാട്ടത്തിൽ സ്കോട്ടിഷ് ക്ലബ് സെൽറ്റിക് എഫ്.സി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ​െസ്ലാവാക്യൻ ക്ലബ് സ്ലോവൻ ബ്രാറ്റിസ്‍ലാവയെ കീഴടക്കി. 

Tags:    
News Summary - Inter Milan drew City; Win for PSG and Dortmund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.