ഹൈദരാബാദ്: ഇടവേളക്കുശേഷം ഇന്ത്യൻ ഫുട്ബാൾ ടീം വീണ്ടും കളിക്കളത്തിലേക്ക്. പുതിയ പരിശീലകൻ മനോലോ മാർക്വേസിന്റെ ആദ്യ ദൗത്യമായ ത്രിരാഷ്ട്ര ഇന്റർ കോണ്ടിനന്റൽ കപ്പ് മത്സരങ്ങൾ ഇന്നു മുതൽ ജി.എം.എസ് ബാലയോഗി സ്റ്റേഡിയത്തിൽ നടക്കും. രാത്രി 7.30ന് ആരംഭിക്കുന്ന കളിയിൽ മൗറീഷ്യസാണ് ഇന്ത്യയുടെ എതിരാളികൾ. സിറിയയാണ് ടൂർണമെന്റിൽ കളിക്കുന്ന മൂന്നാം ടീം. സെപ്റ്റംബർ ആറിന് സിറിയയും മൗറീഷ്യസും ഏറ്റുമുട്ടും. ഒമ്പതിന് ഇന്ത്യ സിറിയയെയും നേരിടും.
ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ ഇന്ത്യ ദയനീയപ്രകടനം നടത്തി പുറത്തായതിന് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ജോലിയും തെറിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവയെ പരിശീലിപ്പിക്കുന്ന മാർക്വേസിന് ദേശീയ ടീമിന്റെ ചുമതലയും നൽകിയത്. നായകനും സൂപ്പർ സ്ട്രൈക്കറുമായിരുന്ന സുനിൽ ഛേത്രി കളംവിട്ട ശേഷം കളിക്കുന്ന ആദ്യ ടൂർണമെന്റ് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ താരത്തിന് പകരക്കാരനെ തേടുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളികളുടെ നാളുകളാണ് മുന്നിലുള്ളത്. ഫിഫ റാങ്കിങ്ങിൽ 179 സ്ഥാനക്കാരാണ് മൗറീഷ്യസ്. നിലവിൽ 124ാം റാങ്കിലുള്ള ഇന്ത്യക്ക് സ്വന്തം നാട്ടിൽ അധികം വിയർക്കേണ്ടിവരില്ലെന്നാണ് കരുതുന്നതെങ്കിലും എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളടക്കം മുന്നിലുള്ളതിനാൽ മികച്ചൊരു ടീമിനെ വാർത്തെടുക്കുക സ്പാനിഷ് കോച്ചിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല.
ഹൈദരാബാദ് എഫ്.സിയുടെയും ഗോവയുടെ പരിശീലകനായി നാല് വർഷമായി ഇന്ത്യയിലുണ്ട് മാർക്വേസ്. പല താരങ്ങളും അദ്ദേഹത്തിന് സുപരിചിതരായത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഛേത്രിയുടെ വിടവ് ഫിനിഷിങ്ങിൽ പ്രതിഫലിക്കും. മധ്യനിരയിൽനിന്ന് ലലിൻസുവാല ചാങ്തെ ലക്ഷ്യം കാണുന്നതാണ് ആശ്വാസം. മൻവീർ സിങ്, ലിസ്റ്റൻ കൊളാസോ, പുതുമുഖം കിയാൻ നസീരി ഗിരി തുടങ്ങിയവരാണ് മുന്നേറ്റക്കാരുടെ പട്ടികയിലുള്ളത്. ഏക മലയാളി സാന്നിധ്യമായ മോഹൻ ബഗാൻ താരം സഹൽ അബ്ദുൽ സമദ് ഡുറാൻഡ് കപ്പിൽ ഫോമിലേക്കുയർന്നത് മധ്യനിരയിൽ പ്രതീക്ഷയുണർത്തുന്നു. ജീക്സൺ സിങ്, അപുയ, യാസിർ മുഹമ്മദ് തുടങ്ങിയവരും മിഡ്ഫീൽഡർമാരായുണ്ട്. പ്രതിരോധം കാക്കാൻ പരിചയസമ്പത്തുമായി സുഭാഷിഷ് ബോസ്, മെഹ്താബ് സിങ്, അൻവർ അലി, നിഖിൽ പൂജാരി, രാഹൽ ഭേകെ അടക്കമുള്ളവരും. ഗുർപ്രീത് സിങ് സന്ധുവും അമരീന്ദർ സിങ്ങും ഉൾപ്പെടുന്ന ഗോൾകീപ്പർ സംഘത്തിലായി മൂന്നാമനായി പ്രഭ്സുഖൻ സിങ് ഗില്ലിനെയാണ് മാർക്വേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.