രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ടെസ്റ്റ് റേറ്റിങ് പോയന്റിൽ എക്കാലത്തെയും മികച്ച 20 ബാറ്റർമാരുടെ പട്ടികയിൽ ഇടംപിടിച്ച് ഇംഗ്ലീഷ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ അത്യുജ്വല പ്രകടനത്തോടെ 932 റേറ്റിങ് പോയന്റുമായി കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് നേടിയ റൂട്ട് ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണ് സ്ഥാനം ഉറപ്പിച്ചത്. നിലവിൽ 17ാമതുള്ള താരം തകർപ്പൻ ഫോം തുടർന്നാൽ മുമ്പിലുള്ള പലർക്കും വഴിമാറേണ്ടിവരും.
പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 262 റൺസ് അടിച്ചെടുത്ത ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ പ്രകടനത്തോടെ 923 എന്ന കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയന്റ് മറികടന്നാണ് 932ൽ എത്തിയത്. 937 റേറ്റിങ് പോയന്റ് നേടിയിട്ടുള്ള ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി പട്ടികയിൽ 12ാം സ്ഥാനത്താണ്.
961 പോയന്റ് നേടിയിട്ടുള്ള ആസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയന്റ് നേടിയയാൾ. ആസ്ട്രേലിയക്കാരനായ സ്റ്റീവ് സ്മിത്ത് (947), ഇംഗ്ലണ്ടിന്റെ ലെൻ ഹ്യൂട്ടൻ (945), ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് (942), ഇംഗ്ലണ്ടുകാരായ ജാക്ക് ഹോബ്സ് (942), പീറ്റർ മേയ് (941), വെസ്റ്റിൻഡീസുകാരായ ഗാരി സോബോഴ്സ് (938), വിവ് റിച്ചാഡ്സ് (938), ൈക്ലഡ് വാൽകോട്ട് (938), ശ്രീലങ്കയുടെ കുമാർ സങ്കക്കാര (938), ആസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ (937) എന്നിവരാണ് കോഹ്‍ലിക്ക് മുമ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.