കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള വിവിധ സ്പോർട്സ് അക്കാദമികളിലേക്ക് കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കായികതാരങ്ങൾക്കായുള്ള സോണൽതല സെലക്ഷൻ ജനുവരി 18, 19 തീയതികളിലായി കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും.
2023-24 അധ്യയനവർഷത്തെ ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ജനുവരി 18നും അണ്ടര്‍ 14 വനിത ഫുട്ബാള്‍, കോളജ് ഡിഗ്രി ഒന്നാം വർഷത്തേക്കുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് 19നുമാണ്. ബാസ്കറ്റ് ബാൾ, ഫുട്ബാള്‍, വോളിബാള്‍, അത്ലറ്റിക്സ്, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ് ലിങ്, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോഖോ, കനോയി കയാക്കിങ്, റോവിങ്, ഹോക്കി, ഹാൻഡ് ബാള്‍, സോഫ്റ്റ് ബാള്‍ (കോളജ് മാത്രം), വെയ്റ്റ്ലിഫ്റ്റിങ് (കോളജ് മാത്രം) എന്നീ കായിക ഇനങ്ങളിലേക്കാണ് സോണൽ സെലക്ഷൻ നടക്കുക.
സ്കൂള്‍ ഹോസ്റ്റലിലേക്ക് ഏഴ്, എട്ട് (14 വയസ്സിന് താഴെയുള്ളവര്‍), പ്ലസ് വൺ ക്ലാസുകളിലേക്കും കോളജിലേക്ക് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് പ്രവേശനം നല്‍കുന്നത്. സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. സെലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ ജനുവരി 18ന് രാവിലെ എട്ടിന് സ്പോര്‍ട്സ് കിറ്റ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന് അല്ലെങ്കില്‍, പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹാജരാകണം.
അത്ലറ്റിക്സ്, ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍ എന്നീ കായിക ഇനങ്ങളില്‍ ജില്ലതല സെലക്ഷന് ട്രയല്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട് എന്‍ട്രി കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. സെലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.sportscouncil.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 0497 2700485.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.