കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടി​യ ഐ​ഡി​യ​ൽ ഇ.​എ​ച്ച്.​എ​സ്.​എ​സ് ക​ട​ക​ശ്ശേ​രി, മ​ല​പ്പു​റം

കേരളമേ ഇതാണ് മലപ്പുറത്തിന്റെ സ്വർണക്കൊയ്ത്ത്

കൊച്ചി: അഞ്ച് വർഷം മുമ്പ് കൃത്യമായിപ്പറഞ്ഞാൽ 2019ലെ സംസ്ഥാന സ്കൂൾകായികമേളയിൽ വെറും 40 പോയൻറുമായി ഒമ്പതാംസ്ഥാനത്തായിരുന്നു മലപ്പുറം. തുടർന്ന് രണ്ട് വർഷം കോവിഡ് കാരണം മേള നടന്നതുമില്ല. 2022ൽ പുനരാരംഭിച്ചപ്പോൾ കണ്ടത് മലപ്പുറത്തിന്‍റെ അഭൂതപൂർവ കുതിപ്പ്. പാലക്കാടിന് പിന്നിൽ 149 പോയൻറുമായി രണ്ടാംസ്ഥാനം. കഴിഞ്ഞ വർഷം പാലക്കാട് ഹാട്രിക് നേടിയപ്പോൾ 168 പോയൻറാക്കി ഉയർത്തി രണ്ടാംസ്ഥാനം നിലനിർത്തി മലപ്പുറം. ആദ്യമായി 200 പോയന്‍റെന്ന മാന്ത്രിക സംഖ്യ ഇക്കുറി പിന്നിട്ടതോടെ കിരീടവും ചരിത്രവും സ്വന്തം.

22 സ്വർണവും 32 വെള്ളിയും 24 വെള്ളിയുമാണ് ഇത്തവണ മലപ്പുറത്തിന് ലഭിച്ചത്. മീറ്റിന്‍റെ ആദ്യ ദിനം മാത്രം ഇടക്കൊന്ന് പാലക്കാട് മുന്നിൽ കയറിയെങ്കിലും ഘട്ടംഘട്ടമായി ലീഡ് കൂട്ടി കന്നിക്കിരീടത്തിലെത്തി. പാലക്കാടിന് 25 സ്വർണമുണ്ടെങ്കിലും ആകെ പോയൻറ് 213ൽ ഒതുങ്ങി. ട്രാക്കിലും ജംപിങ് പിറ്റിലും ത്രോ ഇനങ്ങളിലുമെല്ലാം മലപ്പുറത്തിന്‍റെ കുതിപ്പ് കണ്ടു.

സബ് ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗങ്ങളിൽ ജില്ലയാണ് ഒന്നാമത്. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, തിരുനാവായ നാവാമുകുന്ദാ എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്, ചീക്കോട് കെ.കെ.എം എച്ച്.എസ്.എസ്, പൂക്കൊളത്തുർ സി.എച്ച്.എം എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളുടെ ചിറകിലേറി‍യാണ് കിരീടനേട്ടം.

ചരിത്രം കുറിച്ച് മെഡൽപുരം

കൊച്ചി: സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫി തലസ്ഥാനത്തെത്തിച്ച് തിരുവനന്തപുരത്തിന്‍റെ മിടുക്കൻമാർ. വിവിധയിനങ്ങളിലായി 1935 പോയൻറോടെയാണ് അനന്തപുരി ഓവറോളിൽ മുത്തമിട്ടത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും സ്വന്തമാക്കി. രണ്ടാമതെത്തിയ തൃശൂരിന്‍റെ (848 പോയൻറ്) ഇരട്ടിയിലേറെ പോയൻറാണ് തിരുവനന്തപുരത്തിനുള്ളത്. ജി.വി.രാജ സ്പോർട്സ് സ്കൂളാണ് പോയൻറ് നിലയിൽ നിർണായക പ്രകടനം കാഴ്ചവെച്ചത്.

45 സ്വർണവും 10 വെള്ളിയൂം 13 വെങ്കലവുമായി 268 പോയൻറാണ് ജി.വി. രാജയുടെ സമ്പാദ്യം. തൂണ്ടത്തിൽ എം.വി.എച്ച്.എസ്.എസ് 28 സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 151 പോയൻറ് സ്വന്തമാക്കി. തിരുവനന്തപുരം സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് 10 സ്വർണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി മെഡൽ പട്ടികയിൽ മൂന്നാമതായി. പിരപ്പൻകോട് ജി.വി.എച്ച്.എസ്.എസ് 12 സ്വർണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുൾപ്പെടെ 70 പോയൻറോടെ നാലാം സ്ഥാനത്തെത്തി. അക്വാട്ടിക് മത്സരങ്ങളിലും തിരുവനന്തപുരത്തിനായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ്.

പാലക്കാടൻ റിലേ....

സംസ്ഥാന സ്കൂൾ മേളക്ക് കൊടിയിറങ്ങുന്നതിനു തൊട്ടു മുമ്പ് അവസാനത്തെ രണ്ടു സ്വർണ മെഡലുകളും സ്വന്തമാക്കി ടീം പാലക്കാട്. സീനിയർ ആൺകുട്ടികളുടെയും ആൺകുട്ടികളുടെയും 4x400 മീറ്റർ റിലേ ഇനങ്ങളിലാണ് പാലക്കാടൻ ആധിപത്യം. സീനിയർ ബോയ്സിൽ മാത്തൂർ സി.എഫ്.ടി.എച്ച്.എസ്.എസിലെ കെ.അഭിജിത്ത്, ഇതേ സ്കൂളിലെ എ. കൃഷ്ണജിത്ത്, വി.എം.എച്ച്.എസ്.എസ് വടവന്നൂരിലെ അൽഷാമിൽ ഹുസൈൻ, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ ഭരത് എസ്. കുമാർ എന്നിവർ ചേർന്ന് 3.2236 മിനിറ്റിൽ സ്വർണത്തിലേക്ക് ഓടിയെത്തി. സീനിയർ ഗേൾസിൽ വി.എം.എച്ച്.എസ്.എസിലെ വി.ലിപിക, മുണ്ടൂർ എച്ച്.എസ്.എസിലെ എസ്. ശ്രുതി, എച്ച്.എസ്.എസ് പുളിയമ്പറമ്പിലെ എസ്.സാന്ദ്ര, പറളി എച്ച്.എസ്.എസിലെ എം.ജ്യോതിക എന്നിവർ ചേർന്നാണ് പൊന്നുവാരിയത്. 4.02.96 മിനിറ്റിലാണ് ഇവർ ഒന്നാമതെത്തിയത്.

പനി പടിക്ക് പുറത്ത്; ഇവൾ 'ഗോൾഡൻ' എയ്ഞ്ചൽ

കൊച്ചിയിലേക്ക് വണ്ടി കയറുന്നതിനു രണ്ടു ദിവസം മുമ്പാണ് മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്‌.എസ്.എസിലെ ഏഞ്ചൽ ജയിംസിന് പനിയും ജലദോഷവും പിടിപെട്ടത്. ഇവിടെയെത്തി, മാറിയ അന്തരീക്ഷം കൂടിയായതോടെ അസുഖം കൂടി. എന്നാൽ വയ്യെന്നു പറഞ്ഞ് മാറി നിൽക്കാൻ തയാറാവാതെ ജംപിങ് പിറ്റിൽ ആഞ്ഞു ചാടിയപ്പോൾ സ്വർണം കൂടെപ്പോന്നു. ആ സന്തോഷത്തിനൊപ്പവും അസുഖത്തിൽ നഷ്ടപ്പെട്ട മറ്റു രണ്ടു സ്വർണങ്ങളുടെ ദു:ഖം അവളെ വേട്ടയാടുന്നുണ്ട്. സീനിയർ ഗേൾസ് ട്രിപ്ൾ ജംപിൽ സ്വർണം നേടിയ ഏഞ്ചൽ ലോങ് ജംപ് ,100 മീറ്റർ ഹർഡിൽസ് എന്നിവയിൽ വെള്ളിയും സ്വന്തമാക്കി. 11.56 മീറ്റർ ദൂരത്തിലാണ് ഏഞ്ചലിന്‍റെ സ്വർണ നേട്ടം. ലോങ് ജംപിൽ സ്വർണ പ്രതീക്ഷയിലായിരുന്നെങ്കിലും ഹർഡിൽസും ലോങ് ജംപും തൊട്ടുപിന്നാലെ നടന്നതിനാൽ വേണ്ടത്ര രീതിയിൽ പ്രകടനം നടത്താനായില്ലെന്ന് ഏഞ്ചൽ പറഞ്ഞു.

കഴിഞ്ഞ വർഷം 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും ട്രിപ്ൾ ജംപിൽ വെങ്കലവും നേടിയിരുന്നു. ജൂനിയർ വിഭാഗം നാഷണൽ മീറ്റിലും സൗത്ത് സോൺ മീറ്റിലും ഹെപ്റ്റാത്ലൺ, ഹർഡിൽസ് എന്നിവയിൽ സ്വർണം കരസ്ഥമാക്കിയിട്ടുണ്ട്. സൈക്ലിങ് വിട്ടാണ് ഏഞ്ചൽ അത്ലറ്റിക്സിലേക്ക് മാറിയത്. സഹോദരങ്ങളായ അലനും അലീനയും മുൻ സൈക്ലിങ് താരങ്ങളാണ്. കോഴിക്കോട് തിരുവമ്പാടി പുളിക്കപ്പടവിൽ അനിൽ ജയിംസിന്‍റെയും സുനിത ജോസഫിന്‍റെയും മകളാണ്. ഐഡിയലിന്‍റെ ടോമി ചെറിയാനാണ് കോച്ച്.

Tags:    
News Summary - Kerala State School Kayika Mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.