മലപ്പുറം: വെട്ടിച്ചാടി ചാടിയമർന്ന് വലതുകയറി ഇടതിറങ്ങി തിരിഞ്ഞമർന്ന്... ആത്മവിശ്വാസവും സുരക്ഷിത ബോധവും വളർത്താൻ മേൽമുറി ആലത്തൂർപ്പടിയിലെ കളരിമുറ്റത്തെത്തിയ പെൺകുട്ടികൾ ഇപ്പോൾ കേരളത്തിന് പുറത്തും താരങ്ങളാണ്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പിൽ മേൽമുറി എ.പി.എം കളരി സംഘത്തെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഇവർ തുടർച്ചയായ മൂന്നാം കൊല്ലവും മികച്ച നേട്ടങ്ങളിൽ ചുവടുറപ്പിച്ചു.
മത്സരവിജയങ്ങൾക്കപ്പുറം ജീവിതസാഹചര്യങ്ങളെ കരുത്തോടെ നേരിടാൻ പതിറ്റാണ്ട് മുമ്പാണ് ഇവിടെ ഉസ്താദ് മമ്മദ് ഗുരുക്കൾ പെൺകുട്ടികൾക്ക് പരിശീലനം ആരംഭിച്ചത്. നേട്ടങ്ങളിൽ ആൺകുട്ടികളേക്കാൾ ഒരു വാളുയരത്തിൽ പറക്കുകയാണിവരിപ്പോൾ. ചില പെൺകുട്ടികളുടെ അമ്മമാരും പരിശീലിക്കുന്നുണ്ട്.
ദേശീയ ചാമ്പ്യൻഷിപ് ജൂനിയർ വിഭാഗം ഉറുമി വീശലിൽ കോഡൂർ പറയരങ്ങാടിയിലെ നൈഷാനക്കായിരുന്നു ഒന്നാം സ്ഥാനം. സബ് ജൂനിയർ ചുവട് മത്സരത്തിൽ വള്ളിക്കുന്ന് കീഴയിൽ ശ്രേയ ബജിത് രണ്ടാം സ്ഥാനവും നേടി. ജൂനിയർ കെട്ടുതാരിപ്പയറ്റിൽ മോങ്ങം സ്വദേശിനി ഫാത്തിമ നിഷ്നയും വാലഞ്ചേരിയിലെ ഹന ഷെറിനും ചേർന്ന് മൂന്നാമതെത്തി. ജൂനിയർ വാൾ-പരിചയപ്പയറ്റിൽ നൈഷാനയും പോത്തുവെട്ടിപ്പാറ സ്വദേശിനി ഫാരിസ റഹ്മയുമുൾപ്പെട്ട സംഘവും മൂന്നാം സ്ഥാനത്തെത്തി.
ഉസ്താദ് മമ്മദ് ഗുരുക്കളുടെ മകൻ കൂടിയായ മുഹമ്മദ് മുഖ്താർ ജൂനിയർ ഉറുമി വീശലിൽ ഒന്നാം സ്ഥാനം നേടി ആൺകുട്ടികളുടെ വിഭാഗത്തിലും കളരിക്ക് അഭിമാനമായി. ജൂനിയർ ബോയ്സ് വാൾ-പരിചയപ്പറ്റിൽ ഇവിടുത്തെ വസീമിനും റിനാഷിനുമാണ് രണ്ടാം സ്ഥാനം. ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ മത്സരങ്ങളാണ് അടുത്ത ലക്ഷ്യം.
1993ലാണ് ആലത്തൂർപ്പടിയിൽ എ.പി.എം കളരി സംഘം മമ്മദ് ഗുരുക്കളുടെ നേതൃത്വത്തിൽ ക്ലാസ് തുടങ്ങുന്നത്. മുന്നൂറോളം പേർ ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്.
പെൺകുട്ടികളുടെ എണ്ണം 50 കടക്കും. തേൻറടികളായി ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മൂന്ന് പെൺമക്കളുടെ പിതാവായ മമ്മദ് ഗുരുക്കൾ പറയുന്നു. മൂത്ത മകൾ മഹ്സൂഫ സംസ്ഥാന ചാമ്പ്യനാണ്.
രണ്ടാമത്തെയാൾ സഹാന ദേശീയ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. മഹ്സൂഫയുടെ നേതൃത്വത്തിലാണ് 10 വർഷം മുമ്പ് ആലത്തൂർപ്പടിയിൽ പെൺകുട്ടികൾക്ക് പരിശീലനം തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ കളരി അഭ്യസിപ്പിച്ചിട്ടുണ്ട്. ഇളയ മകൾ നഫ്ല സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.