എച്ച്.എസ് പ്രണോയി

കണ്ണുതുറന്ന് കാണുക ഇന്ത്യയുടെ പ്രാണതൂവലിനെ

തിരുവനന്തപുരം: സംസ്ഥാന സർക്കാറും കായിക മേഖലയിലെ സംഘടനകളും കാണുന്നുണ്ടോ ബാഡ്മിന്‍റൺ താരം എച്ച്.എസ്. പ്രണോയുടെ അന്താരാഷ്ട്ര പ്രകടനങ്ങൾ. ഏഴ് പതിറ്റാണ്ടിനിടെ തോമസ് കപ്പ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ആദ്യ മെഡലുറപ്പിച്ച ഇന്ത്യൻ ടീമിലെ ഈ 29 കാരനായ മലയാളിക്ക് ജന്മനാട് നൽകിയത് അവഗണന മാത്രം. കഴിഞ്ഞ ദേശീയ ഗെയിംസിൽ സ്വർണം നേടിക്കൊടുത്തിട്ടും സംസ്ഥാനത്തിന് പുറത്താണ് കളിക്കുന്നതെന്ന കാരണം പറഞ്ഞ് കേരളം അവഗണിച്ചു. സ്പോൺസർഷിപ്പും ഫണ്ടുമില്ലാതെ കുറേനാളായി രാജ്യം കണ്ട മികച്ച താരം വലയുകയാണ്

ലോക റാങ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും മതിയായ അംഗീകാരം ലഭിച്ചില്ല. കഴിഞ്ഞ നാല് വർഷവും അർജുന അവാർഡ് സാധ്യതാ പട്ടികയിലേക്ക് പ്രണോയിയുടെ പേര് പരിഗണനക്ക് വന്നപ്പോൾ ഒഴിവാക്കപ്പെട്ടതിന് കാരണം സംസ്ഥാനത്തിന്‍റെ പിന്തുണ ലഭിക്കാത്തതാണ്. തോമസ് കപ്പ് ചാമ്പ്യൻഷിപ് സെമിയിൽ ഡെന്മാർക്കുമായുള്ള മത്സരത്തിന് മുമ്പ് ട്വിറ്ററിൽ കുറിച്ച പ്രണോയുടെ വാക്കുകളിൽ തന്‍റെ സന്തോഷവും ദുഃഖവുമെല്ലാം നിറഞ്ഞുനിൽക്കുന്നു. 'ചില രാത്രികൾ അവിശ്വസനീയമാണ്. അത്തരത്തിലൊരു രാത്രിയായിരുന്നു മലേഷ്യക്കെതിരായ മത്സരവിജയം' എന്നായിരുന്നു ആ കുറിപ്പ്. ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചതിൽ നിർണായക പങ്ക് പ്രണോയിക്കുള്ളതാണ്.

1992 ജൂലൈ 17ന് തിരുവനന്തപുരം പേട്ടയിലായിരുന്നു ജനനം. ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്‍റൺ അക്കാദമിയിലാണ് പ്രണോയിയുടെ പരിശീലനം. 2010 സമ്മർ യൂത്ത് ഒളിമ്പിക്സിൽ ആൺകുട്ടികളുടെ സിംഗിൾസിൽ വെള്ളി മെഡൽ നേടിയശേഷമാണ് പ്രണോയ് അറിയപ്പെട്ടുതുടങ്ങിയത്. പിന്നീട് പല അട്ടിമറി ജയങ്ങളും നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിലെ വെള്ളി, യൂത്ത് ഒളിമ്പിക് ഗെയിംസിലെ വെള്ളി, ബി.ഡബ്ല്യു.എഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ് വെങ്കലം എന്നിവയെല്ലാം വ്യക്തിഗത നേട്ടങ്ങൾ. സ്പോൺസർഷിപ്പും ഫണ്ടില്ലായ്മയും തന്‍റെ കരിയറിനെ ബാധിച്ചപ്പോഴും നേടാൻ ഇനിയും പലതുമുണ്ടെന്ന പ്രണോയുടെ ദൃഢനിശ്ചയമാണ് ഇപ്പോഴത്തെ നേട്ടത്തിലേക്ക് വഴിതെളിച്ചത്. സ്ഥിരമായ ആ പ്രകടനമാണ് ലോക റാങ്കിങ്ങിൽ ആദ്യ 30 സ്ഥാനങ്ങൾക്കുള്ളിൽ എത്തിച്ചത്.

Tags:    
News Summary - Malayali star HS Prannoy won the first medal for the country in the Thomas Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.