ഫോർമുല വൺ റേസിൽ ശനിയാഴ്ച നടന്ന സ്പ്രിന്റ് ഷൂട്ടൗട്ട് പൂർത്തിയാക്കിയ മാക്സ് വെസ്റ്റപ്പൻ

പോരിനുമുമ്പേ മുത്തമിട്ട് വെസ്റ്റപ്പൻ

 ദോഹ: ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ ഫൈനൽ റേസിന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് വേദിയാകും മുമ്പേ സീസണിലെ കാറോട്ട കിരീടം സ്വന്തമാക്കി റെഡ് ബുളിന്റെ മാക്സ് വെസ്റ്റപ്പൻ. ശനിയാഴ്ച നടന്ന സ്പ്രിന്റ് ഷൂട്ടൗട്ടിൽ വെസ്റ്റപ്പൻ മൂന്നമതായി ഫിനിഷ് ചെയ്തപ്പോൾ, കിരീട പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള സെർജിയോ പെരസ് എട്ടാമനായത് ചാമ്പ്യൻഷിപ്പ് നിർണയം നേരത്തെയാക്കിമാറ്റി. ഖത്തർ ഗ്രാൻഡ് പ്രീയുടെ ഫൈനൽ റേസ് ഞായറാഴ്ച അരങ്ങേറും മുമ്പേ തന്നെ സീസണിലെ കിരീടം വെസ്റ്റപ്പന് സ്വന്തമായി.

2021, 2022 സീസണുകളിൽ ജേതാവായ വെസ്റ്റപ്പന്റെ എഫ് വണിലെ ഹാട്രിക് കിരീട നേട്ടമാണിത്. സീസൺ ഖത്തർ ഉൾപ്പെടെ അവസാനിക്കാൻ ആറ് ഗ്രാൻഡ് പ്രീ റേസുകൾ ബാക്കിനിൽക്കെയാണ് 407 പോയന്റുമായി വെസ്റ്റപ്പൻ കിരീടമണിഞ്ഞത്. രണ്ടാമതുള്ള പെരസിന് 223 പോയന്റാണുള്ളത്. ഖത്തർ ഗ്രാൻഡ് പ്രീയിലെ ഫൈനൽ റേസിന് ഞായറാഴ്ച രാത്രിയിൽ ലുസൈൽ സർക്യൂട്ട് വേദിയാകും. വെള്ളിയാഴ്ച നടന്ന യോഗ്യത റൗണ്ടിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ മാക്സ് വെസ്റ്റപ്പന് തന്നെയാണ് പോൾ പൊസിഷനും.

മേഴ്സിഡസിന്റെ ജോർജ് റസൽ രണ്ടും ഹാമിൽട്ടൻ മൂന്നും സ്ഥാനക്കാരായി. സ്പ്രിന്റ് ഷൂട്ടൗട്ടിൽ മക്ലരന്റെ ഓസ്കർ പിയാസ്ട്രിയായിരുന്നു ഒന്നാമ​തെത്തിയത്. എട്ടു പോയന്റാണ് സ്പ്രിന്റ് ഷൂട്ടൗട്ടിൽ ഒന്നാമതെത്തുന്ന ഡ്രൈവറുടെ പേരിൽ ചേർക്കുന്നത്. ആദ്യ എട്ടു സ്ഥാനക്കാർക്കും പോയന്റ് ലഭിക്കും. ലുസൈൽ സർക്യൂട്ടിലെ നിറഞ്ഞ ഗാലറിയിലായിരുന്നു വെള്ളി, ശനി ദിവസങ്ങളിൽ മത്സരം അരങ്ങേറിയത്. ഡേവിഡ് ബെക്കാം ഉൾപ്പെടെ ​താരങ്ങളും മറ്റും കാഴ്ചക്കാരായെത്തി. ഞായറാഴ്ചത്തെ ഫൈനലിൽ 57 ലാപ്പുകൾ ദൈർഘ്യമുള്ളതാണ് റേസ്. ഓരു ലാപ്പി​ന്റെ ദൈർഘ്യം 5.4 കി.മീ. ദൂരം വരും.

Tags:    
News Summary - Max Verstappen ready for the formula one race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.