ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ ബി.സി.സി.ഐക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനവും പരിഹാസവുമായി ആരാധകർ. ഹാർദിക് പാണ്ഡ്യയെയും സഞ്ജു സാംസണെയും ഏകദിന ടീമിൽനിന്ന് ഒഴിവാക്കിയതും ട്വന്റി 20യിൽ ഹാർദികിനെ തഴഞ്ഞ് സൂര്യകുമാർ യാദവിനെ നായകനാക്കിയതും സിംബാബ്വെ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയെയും ഋതുരാജ് ഗെയ്ക്‍വാദിനെയും തഴഞ്ഞ് റിയാൻ പരാഗിന് അവസരം നൽകിയതുമൊക്കെയാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ട്വന്റി 20 നായക സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ഹാർദിക് പാണ്ഡ്യക്ക് ഉപനായക സ്ഥാനം പോലും നൽകാത്തതും വിമർശനത്തിനിടയാക്കുന്നുണ്ട്.
ഇന്ത്യയുടെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജുവിനെ ഏകദിന ടീമിൽനിന്ന് തഴഞ്ഞത് കടുത്ത രോഷമാണ് ഉയർത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 114 പന്തിൽ 108 റൺസെടുത്ത സഞ്ജു അന്ന് ടീമിനെ 78 റൺസ് ജയത്തിലേക്ക് നയിച്ചിരുന്നു. വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലെ പിന്തുണ ലഭിക്കാൻ സാംസൺ അർഹനാണെന്നും അദ്ദേഹം ലോകത്തിലെ നമ്പർ 1 ബാറ്ററായിരിക്കുമെന്നും ഗംഭീർ പറയുന്ന മുൻ ഇന്റർവ്യൂ ആരാധകർ കുത്തിപ്പൊക്കിയിട്ടുമുണ്ട്. ഗംഭീർ മെന്ററായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഹർഷിത് റാണക്ക് ഏകദിന ടീമിൽ അവസരം നൽകിയത് പക്ഷപാതമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവുമാണ് നയിക്കുന്നത്. രോഹിത് ശർമ ട്വന്റി 20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഹാർദിക് പാണ്ഡ്യയാണോ സൂര്യയാണോ അടുത്ത നായകനെന്ന സസ്പെൻസിന് ഇതോടെ വിരാമമായിരുന്നു. ഇരു ഫോർമാറ്റിലും ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ട്വന്റി 20യിൽ വിക്കറ്റ് കീപ്പർമാരായി ഋഷബ് പന്തും സഞ്ജു സാംസണും ടീമിലുണ്ട്. അതേസമയം, ഏകദിനത്തിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് കെ.എൽ രാഹുലാണ്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ഋഷബ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹ്മദ്, ഹർഷിത് റാണ.
ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷബ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദ്, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.