മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവ് എത്തുമ്പോൾ, ഏകദിനത്തിൽ രോഹിത് ശർമ തന്നെ നയിക്കും. ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തിരിച്ചുവരുന്ന പരമ്പര കൂടിയാകും ഇത്. അതേസമയം ഗൗതം ഗംഭീർ മുഖ്യപരിശീലകനായി എത്തുന്ന ആദ്യ പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി.
റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ തയാറാകാത്തതാണ് ഇഷാൻ കിഷന് തിരിച്ചടിയായത്. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽനിന്ന് വിട്ടുനിന്ന ഇഷാൻ പണംവാരുന്ന ഐ.പി.എൽ മത്സരങ്ങൾക്കു മാത്രം കളത്തിലിറങ്ങുന്നത് ബോർഡിനെ ചൊടിപ്പിച്ചതായാണ് സൂചന. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിച്ചാൽ മാത്രമേ താരത്തെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കാൻ ഇടയുള്ളൂ എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിൽ വിജയ് ഹരാരെ ട്രോഫി ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അസം താരം റിയാൻ പരാഗിനെ ടീമിലേക്ക് പരിഗണിച്ചത്. ടൂർണമെന്റിൽ ഏഴ് അർധ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. സമാന രീതിയിൽ ഇഷാൻ കിഷനും തന്റെ കരുത്തു തെളിയിക്കേണ്ടിവരും. ഋഷഭ് പന്തിന്റെ തിരിച്ചുവരവോടെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം കൂടുതൽ കടുത്തതും ഇഷാന് വെല്ലുവിളിയായി. നിലവിൽ പരിമിത ഓവർ ക്രിക്കറ്റിൽ പന്തിന് പുറമെ കെ.എൽ. രാഹുൽ, മലയാളി താരം സഞ്ജു സാംസൺ എന്നിവരെയാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അതേസമയം ശ്രീലങ്കക്കെതിരായ പരമ്പയിൽ, ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതും അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ പൂർണമായി ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അവസാനമായി കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു കളിയിലെ താരമായിരുന്നു. സിംബാബ്വെക്കെതിരെ ട്വന്റി20യിൽ 46 പന്തിൽ സെഞ്ച്വറി നേടിയ പ്രകടനം കണക്കിലെടുക്കാതെ അഭിഷേകിനെയും പുറത്തിരുത്തി. അതേസമയം ഐ.പി.എല്ലിൽ കൊൽക്കത്തക്കു വേണ്ടി തിളങ്ങിയ പേസർ ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ഋഷബ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹ്മദ്, ഹർഷിത് റാണ.
ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദ്, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.