മാഡ്രിഡ്: പുതിയ സീസണിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലെത്തുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ലഭിക്കുക ഒമ്പതാം നമ്പർ ജഴ്സി. ജൂലൈ 26ന് താരത്തെ റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുമെന്നും ക്ലബ് അധികൃതർ അറിയിച്ചു. സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ റയൽ വിട്ട് സൗദിയിലെ അൽ ഇത്തിഹാദ് ക്ലബിലേക്ക് ചേക്കേറിയ ശേഷം ഒമ്പതാം നമ്പർ ജഴ്സി മറ്റാർക്കും നൽകിയിരുന്നില്ല.
ഫ്രഞ്ച് ദേശീയ ടീമിൽ പത്താം നമ്പറും പി.എസ്.ജിയിൽ ഏഴാം നമ്പറും ജഴ്സികളാണ് എംബാപ്പെ അണിഞ്ഞിരുന്നത്. എന്നാൽ, റയലിൽ ലൂക മോഡ്രിച്ചാണ് നിലവിൽ പത്താം നമ്പർ ജഴ്സി അണിയുന്നതെങ്കിൽ ഏഴാം നമ്പർ വിനീഷ്യസ് ജൂനിയറിന്റെ കൈയിലാണ്. 2025ൽ മോഡ്രിച് ക്ലബ് വിടുന്നതോടെ എംബാപ്പെക്ക് പത്താം നമ്പർ കൈമാറും. ജൂൺ മൂന്നിനാണ് ക്ലബിനൊപ്പം ചേരാനുള്ള താരത്തിന്റെ നടപടികൾ പൂർത്തിയായത്.
എംബാപ്പെക്കൊപ്പം ഏതാനും താരങ്ങളുടെ ജഴ്സി നമ്പറുകളിൽ മാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്. മിഡ്ഫീൽഡർ എഡ്വാർഡോ കമവിംഗക്ക് ആറാം നമ്പറും ഫെഡറിക്കോ വാൽവെർദെക്ക് എട്ടാം നമ്പറും ഒറിലിയൻ ഷുവാമെനിക്ക് 14ാം നമ്പറും ജഴ്സികൾ സമ്മാനിക്കുമെന്നും ക്ലബ് അധികൃതർ അറിയിച്ചു. നിലവിൽ കമവിംഗയുടെ നമ്പർ 12ഉം വാൽവർദെയുടേത് 15ഉം ഷുവാമെനിയുടേത് 18ഉം ആണ്. നാച്ചോ ഫെർണാണ്ടസ് സൗദി പ്രോ ലീഗിലെ അൽ ഖാദ്സിയയിലേക്ക് പോയതോടെയാണ് ആറാം നമ്പറിൽ ഒഴിവ് വന്നതെങ്കിൽ, ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാളായ ടോണി ക്രൂസ് വിരമിച്ചതോടെയാണ് എട്ടാം നമ്പർ ജഴ്സിക്ക് അവകാശിയില്ലാതായത്. ടർക്കിഷ് യുവതാരം ആർദ ഗുലേർ 24ാം നമ്പർ ജഴ്സിയിൽനിന്ന് 15ലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.