റണ്ണടിച്ചുകൂട്ടി സർഫറാസ് ഇന്ത്യൻ ടീമി​ലേക്ക്

ബംഗളൂരു: രഞ്ജി ട്രോഫിയിൽ മുംബൈയെ കിരീടത്തോളമെത്തിക്കുകയും കലാശപ്പോരിലും സെഞ്ച്വറിത്തിളക്കവുമായി ടീമിന്റെ രക്ഷകനാകുകയും ചെയ്ത സർഫറാസ് ഖാൻ ഇന്ത്യൻ ടീമിലേക്ക്. ബംഗ്ലദേശിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഇടംപിടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ആഭ്യന്തര ലീഗിൽ നടത്തിയ പ്രകടനം ശ്രദ്ധയാകർഷിച്ചിരുന്നു. നവംബറിൽ ബംഗ്ലദേശിനെതിരെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള ടീമിലാകും സർഫറാസ് എത്തുക.

മധ്യപ്രദേശിനെതിരെ രഞ്ജി ട്രോഫി ഫൈനലിൽ 24കാരനായ സർഫറാസ് ഖാൻ ആദ്യ ഇന്നിങ്സിൽ 134 റൺസ് എടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ നേടിയ സെഞ്ച്വറികളിൽ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

മധ്യനിര ബാറ്റ്സ്മാനായിരുന്നിട്ടും ടീം സ്കോറിൽ നിർണായക സാന്നിധ്യമായി മാറുന്നതാണ് 24കാരന്റെ ഏറ്റവും വലിയ മിടുക്ക്. നാലു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കം രഞ്ജി സീസണിൽ 937 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മുമ്പ് 2019-20 സീസണിലും മൂന്ന് സെഞ്ച്വറിയുമായി 928 റൺസ് നേടിയിരുന്നു. ഈ സീസണിൽ സർഫറാസിനു പിറകെ രണ്ടാമതുള്ളത് നാഗലാൻഡിന്റെ ചേതൻ ബിഷ്താണ്- 623 റൺസ്. ടീം നേരത്തെ പുറത്തായതിനാൽ സർഫറാസിനെ മറികടക്കൽ അസാധ്യം.

രഞ്ജിയുടെ ചരിത്രത്തിൽ രണ്ടു പേർ മാത്രമാണ് മുമ്പ് രണ്ടു സീസണുകളിലായി 900ലേറെ റണ്ണുകൾ അടിച്ചുകൂട്ടിയത്- അജയ് ശർമയും വസീം ജാഫറും.

ബാറ്റിങ് മികവിനൊപ്പം ഫീൽഡിങ്ങിൽ സർഫറാസിന്റെ അസാധ്യ പ്രകടനവും തുണയാകും. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ എ ടീമിൽ ഇറങ്ങിയ താരം മോശമല്ലാതെ കളിച്ചിരുന്നു. കഴിഞ്ഞ ദിവസം രഞ്ജി ഫൈനൽ ആദ്യ ഇന്നിങ്സിലെ പ്രകടനത്തിനുശേഷം ദേശീയ സിലക്ടറും മുൻ ഇന്ത്യൻ താരവുമായ സുനിൽ ജോഷി താരവുമായി വിശദമായി സംസാരിച്ചിരുന്നു.

കുഞ്ഞുനാളിൽ ക്രിക്കറ്റ് ബാറ്റെടുക്കുമ്പോൾ മുംബൈ ജഴ്സിയണിയലായിരുന്നു വലിയ സ്വപ്നമെന്നും അത് സാധ്യമായ സന്തോഷത്തിലാണ് ഇപ്പോഴെന്നും സർഫറാസ് പറയുന്നു. 

Tags:    
News Summary - Mumbai Cricketer Safaraz Khan to be picked to Team India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.