നേഷൻസ് ലീഗ്: അടിച്ചടിച്ച് സമനിലയിൽ പിരിഞ്ഞ് ജർമനിയും​ നെതർലാൻഡ്സും

യുവേഫ നേഷൻസ് ലീഗിലെ ഹൈവോൾട്ട് പോരാട്ടത്തിൽ കരുത്തരായ ജർമനിയും നെതർലാൻഡ്സും സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോൾ വീതമാണ് ഇരു ടീമും നേടിയത്. ജർമനിയുടെ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ നെതർലാൻഡ്സ് ലീഡെടുത്തിരുന്നു. ടിജ്ജാനി റെയ്ൻഡേഴ്സ് ആണ് ജർമൻ വലയിൽ പന്തെത്തിച്ചത്. എന്നാൽ, പത്ത് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച് ജർമനി കളിയിലേക്ക് തിരിച്ചുവന്നു. 38ാം മിനിറ്റിൽ ഡെനിസ് യുണ്ടാവും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ജോഷ്വ കിമ്മിഷുമാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.

എന്നാൽ, ജർമനിയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനകം ഡെൻസൽ ഡെംഫ്രിസിലൂടെ നെതർലാൻഡ്സ് ഗോൾ മടക്കി. തുടർന്ന് ​വിജയഗോളിനായി ഇരുനിരയും പോരാടിയെങ്കിലും ഫലമുണ്ടായില്ല.

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഫിൻലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. ഇംഗ്ലണ്ട് ജഴ്സിയിൽ നൂറാം മത്സരത്തിനിറങ്ങിയ ഹാരി കെയ്നാണ് ഇരു ഗോളുകളും നേടിയത്. 57, 76 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ഏകപക്ഷീയമായ മത്സരത്തിൽ 79 ശതമാനവും പന്ത് ഇംഗ്ലീഷുകാരുടെ വരുതിയിലായിരുന്നു. അവർ 22 ഷോട്ടുകളുതിർത്തപ്പോൾ ഫിൻലൻഡിന്റേത് രണ്ടിലൊതുങ്ങി.

മറ്റു മത്സരങ്ങളിൽ ഗ്രീസ് 2-0ത്തിന് അയർലൻഡിനെയും ചെക്ക് റിപ്പബ്ലിക് 3-2ന് യുക്രെയ്നിനെയും നോർത്ത് മാസിഡോണിയ 2-0ത്തിന് അർമേനിയയെയും ജോർജിയ 1-0ത്തിന് അൽബേനിയയെയും മാൾട്ട 1-0ത്തിന് അൻഡോറയെയും തോൽപിച്ചു. ഹംഗറി-ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 

Tags:    
News Summary - Nations League: Germany and Netherlands tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.