തലശ്ശേരി: കത്തുന്ന വെയിലിലും കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായിക മേളയുടെ രണ്ടാം ദിനം പയ്യന്നൂർ ഉപജില്ല കുതിപ്പ് തുടരുന്നു. 67 മത്സരങ്ങൾ കഴിഞ്ഞപ്പോൾ നിലവിലെ ചാമ്പ്യന്മാരായ പയ്യന്നൂർ 171 പോയന്റുമായി ബഹുദൂരം മുന്നിലാണ്.
22 സ്വർണം, ഏഴ് വെള്ളി, 14 വെങ്കലം എന്നിവ പയ്യന്നൂരിന്റെ പട്ടികയിലുണ്ട്. ഇരിട്ടി ഉപജില്ല 71 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. 65 പോയന്റുള്ള തളിപ്പറമ്പ് നോർത്ത്, 59 പോയന്റുള്ള ഇരിക്കൂർ, 40 പോയന്റുള്ള മട്ടന്നൂർ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുമുണ്ട്.
പയ്യന്നൂർ മാത്തിൽ ജി.എച്ച്.എസ്.എസാണ് സ്കൂൾ തലത്തിൽ മുന്നിൽ. ആറ് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിവയടക്കം 41 പോയന്റാണുള്ളത്. 34 പോയന്റുമായി പ്രാപ്പൊയിൽ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തുണ്ട്. ഇരിക്കൂർ ഉപജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 31 പോയിന്റ്.
തളിപ്പറമ്പ് നോർത്തിലെ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് 27 പോയന്റ്, മട്ടന്നൂർ എച്ച്.എസ്.എസ് 24 പോയന്റ് എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുമാണ്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു. 15 ഉപജില്ലകളിൽ നിന്നായി 2700 ഓളം കുട്ടികളാണ് മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകീട്ട് സമാപിക്കും.
തലശ്ശേരി: റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിനം എട്ട് മീറ്റ് റെക്കോഡുകൾ. ജൂനിയർ ബോയ്സ് ലോങ്ജംപിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എം. ധനുഷ്രാജാണ് റെക്കോഡ് സ്വന്തമാക്കിയത്. 6.37 മീറ്റർ ദൂരം ചാടിയാണ് പുതിയ റെക്കോഡ് കുറിച്ചത്.
കഴിഞ്ഞവർഷം മട്ടന്നൂർ എച്ച്.എസ്.എസിലെ വി.എം. വിഷ്ണുവും ധനുഷും ചാടിയ 6.26 മീറ്റർ ദൂരമാണ് തിരുത്തിയത്. സബ് ജൂനിയർ ബോയ്സ് ലോങ്ജംപിൽ അഭിനവ് ജോഷി 5.53 മീറ്റർ ചാടി റെക്കോഡിട്ടു. ഇരിക്കൂർ ഉപജില്ലയിലെ പടിയൂർ ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചെറുപുഴ സെന്റ് ജോസഫ് എച്ച്.എസിലെ മംഗൽ മിങ് തോട്ടത്തിന്റെ 5.47 മീറ്റർ ദൂരം പിന്തള്ളിയാണ് സ്വർണമണിഞ്ഞത്.
മാസിൻ മുഹമ്മദ് ആദ്യമായാണ് ഷോട്ട്പുട്ട് മത്സരത്തിനെന്നത്. ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് സ്വന്തമാക്കി. 12.31 മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസിലെ മാസിൻ സീനിയർ ബോയ്സ് വിഭാഗത്തിൽ റെക്കോഡ് കുറിച്ചത്. ജി.വി.എച്ച്.എസ്.എസ് തോട്ടടയിലെ എം.കെ. ആഷിഫിന്റെ 11.63 മീറ്റർ റെക്കോഡാണ് തിരുത്തിയത്.
ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് വിഭാഗത്തിൽ എഡ്വിൻ സെബാസ്റ്റ്യൻ ജോർജ് 12.35 മീറ്റർ ദൂരം എറിഞ്ഞാണ് റെക്കോഡിട്ടത്. സാന്തോം എച്ച്.എസ്.എസ് കൊളക്കാട് സ്കൂളിലെ എഡ്വിൻ റാണി ജെയ് എച്ച്.എസ്.എസിലെ അലക്സ് രാജേഷിന്റെ 12.13 മീറ്റർ ദൂരത്തെ പിന്തള്ളിയാണ് പുതിയ റെക്കോഡിട്ടത്.
ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവിലെ എം.എസ്. നിവേദ്യ റെക്കോഡോടെ സ്വർണമണിഞ്ഞു. 10.20 മീറ്റർ എറിഞ്ഞിട്ടാണ് നിവേദ്യ റെക്കോഡ് ദൂരം താണ്ടിയത്. എളയാവൂർ സി.എച്ച്.എംഎച്ച്.എസ്.എസിലെ അനാമിക വി. രാജേഷിന്റെ 9.68 മീറ്റർ ദൂരം റെക്കോഡ് തകർത്താണ് നിവേദ്യ താരമായത്.
തലശ്ശേരി: സബ് ജൂനിയർ വിഭാഗം ലോങ്ജംപിൽ ഒന്നാമനാകാൻ പടിയൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരൻ അഭിനവ് ജോഷിക്ക് വലിയ പരിശീലനമൊന്നും വേണ്ടിവന്നില്ല. സ്കൂളിലെ കായിക അധ്യാപിക ത്രേസ്യാമ്മയുടെ പ്രോത്സാഹനവും മനോധൈര്യവും കൈമുതലാക്കിയാണ് മത്സരിച്ച് ഒന്നാമനായത്.
വ്യാഴാഴ്ച നടന്ന 100 മീറ്റർ റിലേയിലും അഭിനവ് ജോഷി പങ്കെടുത്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന 200 മീറ്റർ റിലേയിലും പങ്കെടുക്കുന്നുണ്ട്. സ്കൂളിലെ ചെറിയ പരിമിതികളിൽ നിന്നാണ് വിദ്യാർഥികൾ കായിക പരിശീലനം നേടുന്നത്. കായികരംഗത്ത് അഭിനവ് ജോഷിയിൽ പ്രതീക്ഷയുണ്ടെന്ന് അധ്യാപിക ത്രേസ്യാമ്മ പറഞ്ഞു. പരിശീലനമൊന്നുമില്ലാതെയാണ് ലോങ്ജംപിൽ അഭിനവ് ഒന്നാമനായതെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു.
പൈസക്കരിയിൽ നടന്ന ഇരിക്കൂർ സബ് ജില്ല മത്സരത്തിൽ 100 മീറ്റർ, 200 മീറ്റർ റിലേയിലും ലോങ്ജംപിലും അഭിനവ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പടിയൂർ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് പടിയൂർ പുൽക്കാട് എ.പി.ജെ. അബ്ദുൽ കലാം റോഡിലെ വരദാനം വീട്ടിൽ കെ. ഷിജുമോൻ -ടി. ഷിനി ദമ്പതികളുടെ മകനാണ്. പടിയൂർ എസ്.എൻ.എ യു.പി സ്കൂളിലെ ആറാം തരം വിദ്യാർഥി അഭിരാം ജോഷി അനുജനാണ്.
ഷോട്ട്പുട്ടിൽ ആദ്യമായി മത്സരിച്ച മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥി എം.എസ്. നിവേദ്യ റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഹാമർത്രോയിലും സ്വർണംനേടി. കോഴിക്കോട് നടന്ന അമച്വറിൽ ഹാമർത്രോയിൽ മൂന്നാംസ്ഥാനം നേടി. എം.ബി. സജികുമാറിന്റെയും ജിജിയുടെയും മകളാണ്.
തലശ്ശേരി: മട്ടന്നൂർ എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥി തേജലക്ഷ്മി റവന്യൂ ജില്ല കായികമേളയിൽ താരമായി. രണ്ടിനങ്ങളിലാണ് തേജലക്ഷ്മി സ്വർണം നേടിയത്. ആദ്യദിനം സീനിയർ ഗേൾസ് നൂറു മീറ്റർ ഹാർഡിൽസിലും രണ്ടാംദിനം ഹൈജംപിലുമാണ് സ്വർണമണിഞ്ഞത്.
കലയിലും കായികത്തിലും ഒരുപോലെ തിളങ്ങുകയാണ് തേജലക്ഷ്മി. കുഞ്ഞുന്നാൾ മുതൽ നൃത്തം അഭ്യസിക്കുന്ന തേജലക്ഷ്മി കലോത്സവത്തിൽ ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിലും മത്സരിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ. ജയറാമിന്റെയും കല്ലൂർ ന്യൂ യു.പി സ്കൂൾ അധ്യാപിക എം. ദിവ്യയുടെയും മകളാണ്.
തലശ്ശേരി: കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ വി.ബി. അഭിരാമി തിരുത്തിയത് സ്വന്തം റെക്കോഡ്. ജൂനിയർ ഗേൾസ് ഹൈജംപിൽ 1.40 മീറ്റർ ഉയർന്നു ചാടിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ 1.31 മീറ്റർ റെക്കോർഡ് തിരുത്തിയാണ് ഇത്തവണ സ്വർണം നേടിയത്.
ഷോട്ട്പുട്ട് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മട്ടന്നൂർ എച്ച്.എസ്.എസിലെ ലസിമ റഷീദ് റെക്കോഡോടെ സ്വർണം നേടി. 8.69 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ജി.എച്ച്.എസ്.എസ് പെരിങ്ങേരിയിലെ കെ.ആർ. അഖിലയുടെ 8.51 മീറ്റർ മറികടന്നാണ് റെക്കോഡിട്ടത്. ഷോട്ട്പുട്ട് സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂത്തേടത്ത് എച്ച്.എസിലെ സായ്നാഥ് സി. രാജീവ് റെക്കോഡ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.