നീലേശ്വരം: കൗമാരക്കാരുടെ കായിക കുതിപ്പ് തുടങ്ങി. വേഗവും ഉയരവും ദൂരവും സ്വന്തമാക്കാനുള്ള കുതിപ്പിനാണ് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടക്കം കുറിച്ചത്.
പുതിയ താരങ്ങൾക്ക് വഴിയൊരുക്കുന്ന 65ാമത് കാസർകോട് റവന്യൂ ജില്ല സ്കൂൾ കായിക മേള ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ മെഡൽ ജേതാവ് വി.എസ്. അനുപ്രിയ മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സംഘാടക സമിതി ജനറൽ കൺവീനർ ഡി.ഡി.ഇ എൻ. നന്ദികേശൻ, കക്കാട്ട് ഗവ.ഹയർസെക്കഡറി സ്കൂൾ പ്രധാനധ്യാപകൻ എം. മനോജ് കുമാർ, മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രമ പത്മനാഭൻ, വാർഡ് അംഗം വി.രാധ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ കെ. മധുസൂദനൻ, ജില്ല സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, കക്കാട്ട് ജി.എച്ച്എസ്.എസ് പി.ടി.എ പ്രസിഡന്റ് കെ.വി. മധു. സ്കൂൾ പ്രിൻസിപ്പൽ ടി.വി. സുചിന ലക്ഷ്മി എന്നിവർ സംസാരിച്ചു. കക്കാട്ട് സ്ക്കൂൾ ടീം ക്യാപ്റ്റൻ പി. കൃഷ്ണജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ഏഷ്യൻ യൂത്ത് താരം വി.എസ്. അനുപ്രിയ ജില്ല കായിക മേളയിലെയും മിന്നും താരമായി. ചെറുവത്തൂർ സബ് ജില്ലക്ക് വേണ്ടി മത്സരിച്ച അനുപ്രിയ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണമണിഞ്ഞു. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
ഷോട്ട്പുട്ടിൽ 15.6 മീറ്റർ എറിഞ്ഞാണ് ഒന്നാംസ്ഥാനം നേടിയത്. ഗിരീഷ് മയിച്ചയുടെ ചെറുവത്തൂർ കെ.സി ത്രോ അക്കാദമിയിലെ താരമാണ്. 2023 ആഗസ്റ്റ് 23 ന് പോർട്ട് ഓഫ് സ്പെയിനിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഷോട്ട്പുട്ട് ഇനത്തിലാണ് അനുപ്രിയ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്.
നിലവിൽ 16.37 മീറ്ററാണ് അനുപ്രിയയുടെ ദേശീയ റെക്കോർഡ്. ഡിസ്ക്കസ് ത്രോയിൽ ശനിയാഴ്ച മത്സരിക്കുന്നുണ്ട്. തൃക്കരിപ്പൂർ ചക്രവാണി ക്ഷേത്രത്തിന് സമീപത്തെ കെ. ശശി-വി. രജനി ദമ്പതികളുടെ മകളാണ്. സഹോദരൻ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്ക് ഓട്ടോമൊബൈൽ വിദ്യാർഥിയാണ്.
മലയാളി കുട്ടികൾക്കൊപ്പം മത്സരിച്ച് ലോംഗ്ജംബിലും ട്രിപ്പിൾ ജംപിലും തിളങ്ങി ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരത്തിലെ ഝാർഖണ്ഡ് സ്വദേശിയായ പ്രസില ടിർക്കിയെന്ന പെൺകുട്ടിയാണ് മലയാളി പെൺകൊടിമാർക്കിടയിൽ തിളങ്ങിയ താരം. പിതാവ് ബെനടിക്കും ഭാര്യ ഗുമൈറ്റ് ടിർക്കിയും വർഷങ്ങൾക്ക് മുമ്പാണ് ജോലിയന്വേഷിച്ച് കേരളത്തിലെത്തിയത്. ഒടുവിൽ കാഞ്ഞങ്ങാട്ടെത്തി സ്ഥിരതാമസമാക്കി.
കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അധ്യാപകർ പ്രസിലയുടെ കായിക ശേഷി മനസ്സിലാക്കിയത്. തുടർന്ന് പ്രോത്സാഹനം നൽകി മത്സരത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു. ലോംങ് ജംപിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
65ാമത് ജില്ല കായിക മേളയിൽ ചിറ്റാരിക്കൽ സബ് ജില്ല 13 സ്വർണവും 11 വെള്ളിയും ആറ് വെങ്കലവുമായി 104 പോയന്റ് നേടി മുന്നേറുന്നു. 61 പോയന്റുമായി ചെറുവത്തൂർ സബ് ജില്ല രണ്ടാംസ്ഥാനത്തും 60 പോയന്റുമായി ഹോസ്ദുർഗ് സബ് ജില്ല രണ്ട് മൂന്ന് സ്ഥാനത്തും മുന്നേറുന്നു.
കാസർകോട് 321, കുമ്പള 24, മഞ്ചേശ്വരം 24, ബേക്കൽ 19 എന്നിങ്ങനെ പോയന്റുകൾ നേടി പിന്നാലെയുണ്ട്. സ്കൂൾ തലത്തിൽ പാലാവയൽ സെന്റ് ജോബ് ഗേൾസ് സ്കൂൾ 61 പോയന്റുമായി ഒന്നാംസ്ഥാനത്ത് മുന്നേറുന്നു. 27 പോയന്റ് നേടി ദുർഗ ഹൈസ്കൂളും കുട്ടമത്ത് സ്കൂളും രണ്ടാംസ്ഥാനത്തുണ്ട്. രണ്ടാം ദിവസമായ ശനിയാഴ്ച്ച രാവിലെ രാവിലെ 8.30ന് സബ് ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തോടെ കായിക മേള ആരംഭിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഏഴ് ഉപ ജില്ലകളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി 1500 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 86 ഇനങ്ങളിലാണ് മത്സരം നടക്കുക. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആണ് മേളക്ക് ആതിഥ്യമരുളുന്നത്.
മത്സരിച്ച രണ്ട് ത്രോ ഇനങ്ങളിലും സ്വർണം എറിഞ്ഞിട്ട് കരുത്തുകാട്ടി ഫോർട്ടു കൊച്ചിക്കാരി. ചെറുവത്തൂർ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ഹെനിൻ എലിസബത്താണ് രണ്ട് സ്വർണം എറിഞ്ഞെടുത്തത്. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഒന്നാംസ്ഥാനം നേടിയത്.
ഇതിൽ ഡിസ്ക്കസ് ത്രോയിൽ 36.96 മീറ്റർ എറിഞ്ഞ് സംസ്ഥാന മീറ്റ് റെക്കോഡിനരികിൽ എത്തി. ഷോട്ട്പുട്ടിൽ 13. 68 മീറ്റർ എറിഞ്ഞു. ഫോർട്ടു കൊച്ചിക്കാരിയായ ഹെനിൻ എലിസബത്തിന്റെ ത്രോ ഇനങ്ങളിലെ മികവ് കണ്ട് ചെറുവത്തൂർ ത്രോ അക്കാദമിയിലെ പരിശീലകൻ ഗിരീഷ് മയിച്ച തന്റെ അക്കാദമിയിൽ ചേർക്കുകയായിരുന്നു.
ചെറുവത്തൂരിൽ തന്നെ താമസിച്ച് പഠിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ കഠിന പരിശീലനത്തിലാണ്. ഫോർട്ടു കൊച്ചിയിലെ എബ്രഹാം ജോസഫിന്റെയും ടിഷ എം. മാനുവലിന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.